Search
Close this search box.

അഞ്ചുതെങ്ങിലെ മത്സ്യത്തൊഴിലാളികളുടെ വള്ളം കർണാടകയിൽ ഉൾക്കടലിൽ മറിഞ്ഞു: രക്ഷപ്പെട്ടത് ഒരു ദിവസത്തിനു ശേഷം

eiCY2K377487

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിൽനിന്ന് മീൻപിടിക്കാൻ പോയവരുടെ വള്ളം കർണാടക തീരത്തിനടുത്ത് ഉൾക്കടലിൽ മറിഞ്ഞു. മറിഞ്ഞ വള്ളത്തിനുമുകളിൽ സാഹസികമായി കഴിഞ്ഞുകൂടിയ മത്സ്യത്തൊഴിലാളികൾ ഒരു ദിവസത്തിനുശേഷം രക്ഷപ്പെട്ടു. കർണാടകയിലെ കർവാർ തീരത്തിനടുത്ത് ഉൾക്കടലിലായിരുന്നു അപകടം.

അഞ്ചുതെങ്ങ് സ്വദേശികളായ ഏഴുപേരും ഒരു കൊല്ലം സ്വദേശിയും രണ്ട് തമിഴ്‌നാട്ടുകാരുമാണ് വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ കടൽച്ചുഴിയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. കീഴ്‌മേൽ മറിഞ്ഞ വള്ളത്തിനുമുകളിൽ ഒരുദിവസം കഴിഞ്ഞ ഇവരെ മറ്റുവള്ളങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.

അഞ്ചുതെങ്ങ് മണ്ണാർക്കുളം സ്വദേശികളായ ആസ്‌കർ, വിനോദ്, വിനീഷ്, സുമിഷ്, ജയേഷ്, ജോബോയ്, മഹേഷ്, കൊല്ലം സ്വദേശി ജോയി, തമിഴ്‌നാട് ചിന്നതുറ സ്വദേശികളായ രാജു, സയറസ് എന്നിവരാണ് കർണാടക, കാർബാർ സ്വദേശി വിക്രമിന്റെ ഉടമസ്ഥതയിലുള്ള കാമധേനു-2 എന്ന ഫൈബർ വള്ളത്തിൽ മീൻ പിടിക്കാൻ പോയത്. നവംബർ 25-ന് പുറപ്പെട്ട ഇവർ 27-ന് കർവാറിൽനിന്ന് മീൻ പിടിക്കാൻ പോയി. മീൻ കുറവായിരുന്നതിനാൽ തീരത്തുനിന്നു അറുപത് കിലോമീറ്ററോളം ഉള്ളിലേക്ക് പോയപ്പോഴാണ് ശക്തമായ കടൽച്ചുഴിയിൽപ്പെട്ടത്.

എൻജിനും വലകളും പിടിച്ച മീനും കടലിൽ നഷ്ടമായി. കസ്റ്റംസിനെയും തീരസുരക്ഷാ സേനയേയും ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. ഒരുദിവസം കഴിഞ്ഞപ്പോഴാണ് ഇതുവഴിവന്ന മറ്റു വള്ളങ്ങൾ ഇവരെ കണ്ടത്. തമിഴ്‌നാട് സ്വദേശിയുടെ ’അൽതാഹിർ’ എന്ന വള്ളമാണ് ഇവരെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. കടലിൽ മറിഞ്ഞ വള്ളം കെട്ടിവലിച്ച് കരയ്‌ക്കെത്തിച്ചു. മത്സ്യത്തൊഴിലാളികൾ ഞായറാഴ്ച ട്രെയിനിൽ തിരിച്ചെത്തിക്കഴിഞ്ഞഷേശമാണ് വിവരം നാട്ടിലറിഞ്ഞത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!