മണമ്പൂരിൽ ആവേശമായി ‘ആദരവ് 2019’

മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്കായി ഒരുദിവസം ‘ആദരവ് 2019’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഏവർക്കും ആവേശമായി.കവലയൂർ, ഗുരുമന്ദിരം ഹാളിൽ രാവിലെ 10 30 മുതൽ ആരംഭിച്ച പരിപാടിയുടെ സമാപന സമ്മേളനം അഡ്വ അടൂർ പ്രകാശ് എംപി ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമ്പിളി പ്രകാശ്, വൈസ് പ്രസിഡന്റ്‌ സുരേഷ് കുമാർ, അഡ്വ എസ് ഷാജഹാൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വയോജനങ്ങൾക്കും, മുൻ പഞ്ചായത്ത്‌ പ്രതിനിധികൾക്കും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയവരെയും എംപി ആദരിച്ചു. നീണ്ട കാലമായി ദമ്പതികളായി ജീവിക്കുന്ന 92 വയസ്സുള്ള അബ്ദുൽ വഹാബിനെയും ഭാര്യ 87കാരി ആമിനയെയും പൊന്നാട ചാർത്തിയും മൊമന്റോ നൽകിയും ആദരിച്ചു. കൂടാതെ കിരീടം ചാർത്തി ഇവരെ രാജാവും രാജ്ഞിയും ആക്കി. ഉച്ചയ്ക്ക് സദ്യ ഉൾപ്പടെ ഒരുക്കിയാണ് പഞ്ചായത്ത്‌ വയോജനനങ്ങൾക്കായുള്ള ഈ ദിവസം ആഘോഷമാക്കിയത്.