വീടിന്റെ വാതിൽ പൊളിച്ച് മോഷണം, പണവും സ്വർണവും നഷ്ടമായി

മാറനല്ലൂർ : ഒറ്റയ്ക്ക്‌ താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ മോഷണം. രണ്ടു പവന്റെ സ്വർണമാലയും വിധവാ പെൻഷനായി കിട്ടിയ രണ്ടായിരം രൂപയും കവർന്നു. ഗോവിന്ദമംഗലം തട്ടാംവിള വി.വി.നിവാസിൽ വിജയകുമാരി (63) യുടെ വീട്ടിലാണ് പൂട്ടു തല്ലിപ്പൊളിച്ച് ശനിയാഴ്ച രാത്രി മോഷണം നടത്തിയത്. ശനിയാഴ്ച കൃഷ്ണപുരത്തുള്ള ബന്ധുവീട്ടിലായിരുന്നു ഇവർ. ഞായറാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്നിലെയും കിടപ്പുമുറിയുടെയും വാതിലിന്റെയും പൂട്ട് കുത്തിപ്പൊളിച്ചിട്ടുണ്ട്. ചുവരലമാരയുടെ താഴു തകർത്താണ് മാലയും പണവും കവർന്നത്. ഇതിനുള്ളിലുണ്ടായിരുന്ന തുണിയും രേഖകളുമെല്ലാം വലിച്ചു വാരിയിട്ടിട്ടുണ്ട്. അടുക്കളഭാഗത്ത വാതിൽ അകത്തുനിന്നു തുറന്ന നിലയിലാണ്. വിജയകുമാരിയുടെ ഭർത്താവ് വിദ്യാധരൻ ഗുജറാത്തിൽ വാഹനാപകടത്തിൽ മരിച്ചശേഷം ഇവർ തനിച്ചാണിവിടെ താമസിക്കുന്നത്. മകനും മകളും തിരുവനന്തപുരത്താണ് താമസം. മാറനല്ലൂർ പോലീസ് കേസെടുത്തു. പ്രദേശത്തുള്ള സി.സി ടിവി കാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും