അടൂർ പ്രകാശ് എംപി നയിക്കുന്ന ലോങ്ങ്‌ മാർച്ചിന് വൻ സ്വീകരണം : മൂവായിരത്തിലധികം പേർ കല്ലമ്പലത്ത് നിന്ന് കണിയാപുരത്തേക്ക്

ആറ്റിങ്ങൽ : ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന മുദ്രവാക്യം ഉയർത്തി പൗരത്വനിയമ ഭേദഗതിക്കെതിരെ ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് നയിക്കുന്ന ലോങ്ങ്‌ മാർച്ചിന് പ്രധാന ജംഗ്ഷനുകളിൽ വൻ സ്വീകരണം. കല്ലമ്പത്ത് നിന്ന് രാവിലെ ആരംഭിച്ച ലോങ്ങ്‌ മാർച്ച്‌ ഉച്ചയ്ക്ക് 1 മണിയോടെ ആറ്റിങ്ങൽ മാമം കഴിഞ്ഞു. വൈകുന്നേരം 6 മണിക്ക് കണിയാപുരത്ത് മാർച്ച്‌ സമാപിക്കും. മൂവായിരത്തിലധികം പേരാണ് കല്ലമ്പലത്ത് നിന്നും കാൽനടയായി കണിയാപുരത്തേക്ക് ഒഴുകുന്നത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന് കീഴിലെ വിവിധ കോൺഗ്രസ്‌ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ മാർച്ചിൽ അണിനിരന്നു.

ആലംകോട് ജംഗ്ഷനിൽ വ്യാപാരികളും നാട്ടുകാരും ചേർന്നു എംപിക്ക് സ്വീകരണം നൽകി. കച്ചേരി ജംഗ്ഷനിൽ കെ.പി.എസ്.റ്റി.എയും കോടതിക്ക് സമീപം അഭിഭാഷകരും എംപിക്ക് സ്വീകരണം നൽകി. മാത്രമല്ല, നടന്നു നീങ്ങുന്ന വിവിധ സ്ഥലങ്ങളിൽ പ്രദേശവാസികളും പ്രാദേശിക നേതാക്കളും ലോങ്ങ് മാർച്ചിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എംപിക്ക് സ്വീകരണം നൽകുന്നുണ്ട്. പ്രധാന ജംഗ്ഷനുകളിൽ ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് മാർച്ച്‌ മുന്നോട്ട് നീങ്ങുന്നത്.