അഞ്ചുതെങ്ങിൽ പാചകവാതക സിലിണ്ടർ വീട്ടിലെത്തിക്കാൻ അധിക തുക ചോദിക്കുന്നു .

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങിലും പരിസരപ്രദേശങ്ങളിലും ബുക്ക്ചെയ്ത പാചകവാതക സിലിണ്ടർ വീട്ടിലെത്തിക്കാൻ അധിക തുക നിർബന്ധമായി ഈടാക്കുന്നതായ് വ്യാപക പരാതി.

സബ്സിഡി സിലിണ്ടറിന് 715 രൂപയാണെന്നിരിക്കെ പ്രദേശത്തെ ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത് 790 മുതൽ 800 വരെ തുക ഈടാക്കുന്നതായാണ് പരാതി.

ബിൽ തുകയിൽപെടാത്ത അന്യായ നിർബന്ധിത പണപ്പിരിവാണ് ഇപ്പോൾ പ്രദേശത്ത് നടന്നുവരുന്നത്. ബിൽ തുകയിൽ നിന്നും 85 രൂപ മുതൽ 100 വരെ അധികമായി ഈടാക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

പ്രദേശവാസികളുടെ അജ്ഞത മുതലെടുത്താണ് ഇപ്പോൾ നിർബന്ധിത പണപ്പിരിവ് നടന്നുവരുന്നത്. പ്രതികരിച്ചാൽ തങ്ങളുടെ അടുത്ത സിലിണ്ടർ ഒരുപക്ഷെ ലഭ്യമാകുന്നത് വൈകുമോ എന്ന ഭയത്താൽ പലരും തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുവാൻ ദൈര്യം കാണിക്കാറില്ല. ഇത് മുതലെടുത്തു കൂടിയാണ് ഈ പകൽക്കൊള്ള പരസ്യമായി തുടർന്നുപോകുന്നത്.

ചിലരെങ്കിലും ഈ അനധികൃത പിരിവിനെ ചോദ്യംചെയ്‌തുകൊണ്ട് ഏജൻസിയെ ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല എന്ന മറുപടിയാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഈ പകൽക്കൊള്ളയുടെ നിജസ്ഥിതി അന്ന്വഷിക്കുവാനോ സിലിണ്ടർ എത്തിച്ചു നൽകുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകി പിന്തിരിപ്പിക്കുവാനോ ഏജൻസിയും തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

സിലിണ്ടർ വീട്ടിലെത്തിക്കാൻ ബിൽതുക മാത്രം നൽകിയാൽ മതിയെന്ന പൊതുവിതരണ വകുപ്പിന്റെ നിർദ്ദേശത്തിന് പുല്ല് വില കൽപ്പിക്കാതെയാണ്‌ വിതരണ തൊഴിലാളികൾ നിർബന്ധിത പണപ്പിരിവ് നടത്തുന്നത്.