കൂന്തള്ളൂർ സ്കൂളിന് സമീപം തീ ആളിക്കത്തി, വിദ്യാർത്ഥികൾ പരിഭ്രാന്തരായി… സംഭവം ഇതാണ് !

ചിറയിൻകീഴ് : രാവിലെ ക്ലാസിൽ എത്തിയ കുട്ടികൾ കുറച്ചു കഴിഞ്ഞപ്പോൾ സ്കൂളിന് സമീപം തീ ആളിക്കത്തുന്ന രംഗം കണ്ട് പരിഭ്രാന്തരായി. കൂന്തള്ളൂർ പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. തുടർന്ന് ഫയർഫോഴ്സ് എത്തി തീ അണക്കുകയും കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് സ്കൂൾ വിദ്യാർത്ഥികൾ വിവരമറിയുന്നത്. ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ നേതൃത്വത്തിൽ നടന്ന മോക്ക് ഡ്രിൽ ആയിരുന്നു രാവിലെ സ്കൂളിൽ അരങ്ങേറിയത്.

നാഷണൽ ലെവൽ ഫയർ & ഇവാക്വാഷണൽ ഡ്രിൽസ് ഇൻ സ്കൂൾസിന്റെ ഭാഗമായി ആറ്റിങ്ങൽ ഫയർ & റെസ്ക്യൂ സ്റ്റേഷനും പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കൂന്തള്ളൂരും ചേർന്നാണ് സ്കൂൾ അങ്കണത്തിൽ വച്ച് ആറ്റിങ്ങൽഫയർ & റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ റ്റി.ശശികുമാറിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തിയത്.

സ്കൂളിലെ 42 കുട്ടികൾ അടങ്ങിയ വിവിധ ടീമുകളുടെയും അധ്യാപകരുടെയും സഹകരണത്തിലാണ് മോക്ക് ഡ്രിൽ നടത്തിയത്. സ്കൂളിൽ തീ പിടുത്തം ഉണ്ടായാൽ ഭയപ്പെടാതെ അതിനെ എങ്ങനെ നേരിടാം, ദുരന്തം എങ്ങനെ ഒഴിവാക്കാം, എന്തൊക്കെ ചെയ്യണം എന്ന് കാണിച്ചാണ് ഫയർ ഫോഴ്സ് മോക്ക് ഡ്രിൽ നടത്തിയത്. 9 ടീമുകളിൽ ഉള്ള 42 കുട്ടികൾക്ക് അല്ലാതെ ആർക്കും ഇത് മോക്ക് ഡ്രിൽ ആണെന്ന് അറിയില്ലായിരുന്നു. അതാണ് കുട്ടികൾ പരിഭ്രാന്തരാകാൻ കാരണമായത്. മാത്രമല്ല സ്കൂളിന് പുറത്ത് നിന്നുള്ള ആളുകളും നാട്ടുകാരും ഓടിക്കൂടി. അവരെയും വിവിധ ടീമിലുള്ള കുട്ടികൾ നിയന്ത്രിച്ചു.

ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്കൂളിന് സമീപം രണ്ട് സ്ഥലത്ത് തീ ഇട്ട ശേഷം മാറി നിന്നു. ഉടൻ കുട്ടികൾ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി. വലിയ രീതിയിൽ ആളിക്കത്തിയ തീ ഫയർ ഫോഴ്സ് അണച്ചു. മറ്റൊരു ഭാഗത്തെ തീ ഫയർ എസ്റ്റിങ്‌ഷർ ഉപയോഗിച്ച് കുട്ടികൾ അണച്ചു. ശേഷം അത്യാഹിതം ഉണ്ടായാൽ എങ്ങനെ അവരെ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുമെന്നും സ്കൂളിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാതെ കുട്ടികൾ മുകളിലെ നിലയിൽ കുടുങ്ങിയാൽ ഏണി ഉപയോഗിച്ച് അവരെ എങ്ങനെ രക്ഷപ്പെടുത്താം എന്നും ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അഭിനയിച്ചു കാണിച്ചു കൊടുത്തു. മാത്രമല്ല ഓരോ സ്കൂളിലും നിശ്ചയിച്ചിട്ടുള്ള പ്രത്യേക ടീം അംഗങ്ങൾ എങ്ങനെ ഇതിൽ ഇടപെടണമെന്നും വളരെ നല്ല രീതിയിൽ വ്യക്തമാക്കി നൽകി. എല്ലാം കഴിഞ്ഞ് ഒടുവിലാണ് മോക്ക് ഡ്രിൽ ആയിരിന്നു എന്ന് വിദ്യാർത്ഥികൾ മനസ്സിലാക്കുന്നത്. തുടർന്ന് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥർ നൽകിയ ബോധവത്കരണ ക്ലാസ് കുട്ടികളിലെ ഭീതി അകറ്റി.

ആറ്റിങ്ങൽ അഗ്നിശമന നിലയത്തിലെ അസി. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ .എസ്ഡി, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ അനീഷ്.ജി, ഷൈൻ ജോൺ, സനിൽകുമാർ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ബിനു .ആർ.എസ്, ശ്രീരൂപ്, മനു. എ, റിയാസ്, രജീഷ്, ദിനേശ് .ബി അനിൽകുമാർ, രാജഗോപാൽ, വിപിൻ എന്നിവരും സ്കൂളിൽ നിന്നുള്ള സ്കൂൾ ഫയർ സേഫ്റ്റി മാനേജ്മെൻറ് കമ്മറ്റി വാളന്റിയർമാരും, അദ്ധ്യാപകരും പങ്കെടുത്തു.