കെ.ടി.സി.ടി സ്കൂളിലെ വിദ്യാർത്ഥികൾ ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് സ്നേഹ വിരുന്നുമായെത്തി

ആറ്റിങ്ങൽ: കല്ലമ്പലം കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ആറ്റിങ്ങൽ കരുണാലയത്തിലെ അറുപതോളം അന്തേവാസികൾക്ക് സ്നേഹ വിരുന്നുമായെത്തി. അന്തേവാസികൾക്ക് മധുരപലഹാരങ്ങളും ഒരു ദിവസത്തേക്കുള്ള ഭക്ഷണങ്ങളുമാണ് വിദ്യാർത്ഥികൾ നൽകിയത്. മാത്രമല്ല കരുണാലയത്തിലുള്ള ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ളവരുമായി പാട്ടും നൃത്തവുമായി സന്തോഷം പങ്കുവെച്ചും അവർക്കൊപ്പം ഭക്ഷണം കഴിച്ചും അന്തേവാസികളിൽ ചിലരുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തും മണിക്കൂറുകൾ ചെലവഴിച്ച ശേഷമാണു വിദ്യാർത്ഥികൾ മടങ്ങിയത്. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ്, സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രോഗ്രാം ഓഫീസർമാരായ ബി.ആർ. സഫീന, എസ്. ഷാൻ, അദ്ധ്യാപകർ തുടങ്ങിയവർ ഉണ്ടായിരുന്നു.