ആറ്റിങ്ങൽ നാലുവരിപ്പാതയ്ക്ക് വീണ്ടും തുടക്കം : 2018 മുതൽ പ്രതീക്ഷയോടെ ജനങ്ങൾ

ആറ്റിങ്ങൽ : ആറ്റിങ്ങൽ നിവാസികളുടെ എക്കാലത്തെയും വികസന സ്വപ്നമാണ് റോഡ് വികസനം. ആറ്റിങ്ങൽ ദേശീയ പാതയിൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള നാലുവരിപ്പാതയ്ക്ക് 2018 ഓഗസ്റ്റ് മുതൽ തുടക്കം കുറിച്ചെങ്കിലും ഇന്ന് വീണ്ടും തുടക്കം കുറിച്ചു. ഇനിയും എത്ര പ്രാവശ്യം തുടക്കം കുറിക്കുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കാരണം 2018 ഓഗസ്റ്റിൽ വലിയ രീതിയിൽ കൊട്ടിഘോഷിച്ച് ‘ഇപ്പൊ ശരിയാക്കി തരാമെന്നും’ പറഞ്ഞ് പുറമ്പോക്ക് ഒഴിപ്പിക്കലും സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും മതിലും കെട്ടിടങ്ങളും പൊളിച്ചു നീക്കി കുറച്ചു ദിവസം വലിയ ബഹളമായിരുന്നു. എന്നാൽ പിന്നീട് പല കാരണങ്ങളും പറഞ്ഞ് ബാക്കി പ്രവർത്തനങ്ങൾ മുടങ്ങി. വീണ്ടും 2019ൽ ഇടയ്ക്ക് ഇടയ്ക്ക് നാലുവരിപ്പാത ഉടൻ തുടങ്ങുമെന്ന് കേട്ടുകൊണ്ടിരുന്നു. ഇപ്പോൾ എന്തായാലും തേങ്ങ ഉടച്ച് വീണ്ടും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

നാട്ടുകാർ പറയുന്നത് വെറും 2 കിലോമീറ്റർ വരുന്ന റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് വർഷങ്ങൾ നീണ്ട പ്രഹസനം വേണോ എന്നാണ്. അതല്ല വികസനമാണോ,  ഇലക്ഷൻ ആണോ നേതാക്കൻമാർ സ്വപ്നം കാണുന്നതെന്നും ജനങ്ങൾ സംശയത്തോടെ ചോദിക്കുന്നു.

നാലുവരി പാതയ്ക്കായി വിവിധഘട്ടങ്ങളിൽ പ്രവർത്തനങ്ങൾ തുടങ്ങി വച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞു നിർത്തി. ഒടുവിൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന് മുന്നിലെ മതിൽ പൊളിച്ചു കെട്ടാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ എംപി ആറ്റിങ്ങൽ നടത്തിയ പത്രസമ്മേളനത്തിൽ താൻ ഇങ്ങനെയൊരു വിഷയം അറിഞ്ഞിട്ടില്ലെന്നാണ് പറഞ്ഞത്. അതിന് പിന്നാലെ പല സംസാരങ്ങളും ചർച്ചകളും നടന്നെങ്കിലും ഇപ്പോഴും പോസ്റ്റ് ഓഫീസ് സ്ഥലത്തിന്റെ കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല എന്നും നാട്ടുകാർ പറയുന്നു. ഇന്ന് വീണ്ടും പൂവമ്പാറയിൽ നിന്ന് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഇനിയെങ്കിലും തടസ്സങ്ങൾ കൂടാതെ നിർമ്മാണം നടക്കണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വികസനം വാർത്തകളിൽ മാത്രമല്ല പ്രവർത്തനങ്ങളിലും പ്രകടമാകണം എന്നാണ് നാട്ടുകാർ പറയുന്നത്.

ഓടയും ഡിവൈഡറും ഉൾപ്പടെ വളരെ മികച്ച രീതിയിൽ റോഡ് നിർമിക്കാനാണ് തീരുമാനം. കിളിമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റിവൈവ് കമ്പനിക്കാണ് നിർമാണ ചുമതല.