അണ്ണാറക്കണ്ണനും തന്നാലായത്: തുണി സഞ്ചി നിർമിക്കാൻ സാരിയുമായി കുരുന്നുകൾ…

ചെമ്മരുതി : ലങ്കയിലേക്ക് പാലം കെട്ടാൻ അണ്ണാറക്കണ്ണൻ മണ്ണുകുടഞ്ഞിട്ട പുരാണ സംഭവത്തെ ഓർമിപ്പിക്കുന്നതായിരുന്നു അയിരൂർ എം. ജി. എം കിൻഡർ ഗാർഡൻ സ്കൂളിലെ കുരുന്നുകൾ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എന്ന സാമൂഹിക വിപത്തിനെതിരെ തങ്ങളാൽ കഴിയുന്നത് ചെയ്തപ്പോൾ. ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി തുണിസഞ്ചി എത്തിക്കുന്ന പദ്ധതിയിലേക്ക് കുരുന്നുകളുടെ വീടുകളിൽ നിന്നും 150ഓളം കോട്ടൺ സാരികൾ എത്തിച്ചു ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ. ആർ. ഗോപകുമാറിന് കൈമാറി.

എം. ജി. എം സ്കൂളും ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന സൗജന്യ തുണിസഞ്ചി വിതരണ പദ്ധതിയ്ക്ക് വേണ്ട സാമ്പത്തിക പിൻബലം നൽകുന്നതും എം. ജി. എം സ്കൂളിലെ വിദ്യാർഥികളാണ്. എം. ജി. എം കിൻഡർ ഗാർഡൻ സ്കൂളിൽ നടന്ന ചടങ്ങിന് വൈസ് പ്രിൻസിപ്പൽ മോനി എയ്ഞ്ചൽ, ബിന്ദു ടീച്ചർ, ലോലിതടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി. ആർദ്രം ജനകീയ കാമ്പയിനിൽ ഉൾപ്പെടുത്തി തുണിസഞ്ചികളുടെ നിർമാണവും പഞ്ചായത്തിലൊട്ടാകെ ഉള്ള വിതരണവും ആശ വോളണ്ടിയർമാരാണ് ഏറ്റെടുത്തിരിക്കുന്നത്.