ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് മടവൂർ സ്വദേശിയായ ബിരുദ വിദ്യാർത്ഥി മരിച്ചു

മടവൂർ: ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മടവൂർ സ്വദേശിയായ ബിരുദ വിദ്യാർത്ഥി മരിച്ചു.മടവൂർ, പുലിയൂർക്കോണം, രാജീവത്തിൽ രാജേന്ദ്രൻ – രജിതകുമാരി ദമ്പതികളുടെ മകൻ രാഹുൽ രാജ് (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6 അര മണിയോടെ എലിക്കുന്നാംമുകൾ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ടിപ്പർ ലോറിയെ മറികടക്കവേ ബൈക്കിന്റെ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്നു പാരിപ്പള്ളി ഗവ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഞ്ചൽ മന്നം എൻഎസ്എസ് കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് രാഹുൽ രാജ്. കഴിഞ്ഞ ദിവസം കൈതോടുള്ള സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം നടന്നത്. ആർകെവി ബസ് കണ്ടക്ടർ ആയിരുന്ന അച്ഛൻ രാജേന്ദ്രൻ ഒന്നര വർഷം മുമ്പുണ്ടായ ബൈക്കപകടത്തെ തുടർന്ന് അബോധാവസ്ഥയിലാണ്. അമ്മ രജിതകുമാരി സ്വകാര്യ സ്കൂൾ അധ്യാപികയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു.

സഹോദരി : പ്ലസ് വൺ വിദ്യാർത്ഥിനി രാജശ്രീ