യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമം : രണ്ടു പേർ അറസ്റ്റിൽ

പോത്തൻകോട്: ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി റോഡിലിരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. അണ്ടൂർക്കോണം വാഴവിള ഗോപികയിൽ അനൂപ് (30) ആണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി അണ്ടൂർക്കോണം ശിവാലയം വീട്ടിൽ ശിവപ്രസാദ് (30) നെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ശിവ പ്രസാദിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനൂപ് പിടിയിലായതെന്നു പോലീസ് പറഞ്ഞു.

അണ്ടൂർക്കോണം, അരിയോട്ടുകോണം, കോണത്ത് വീട്ടിൽ അനന്തു (21) വിനാണ് മർദ്ദനമേറ്റിരുന്നത്. ക്രൂരമായ മർദനത്തിൽ മാരകമായി പരിക്കേറ്റ അനന്തു ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൾട്ടി-സ്പെഷ്യാലിറ്റി യൂണിറ്റിൽ അബോധാവസ്ഥയിൽ തുടരുകയാണ്. അനന്തു വീട്ടിലേയ്ക്കു വരവേ സ്വന്തം വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കളെ ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം അനന്തുവും സുഹൃത്തുക്കളും പോത്തൻകോട് കാട്ടായിക്കോണം വാഴവിള എന്ന സ്ഥലത്ത് മോട്ടോർ സൈക്കിളിൽ പോകവേ വഴിയിൽ തടഞ്ഞു നിർത്തി വാഹനത്തിൽ നിന്നും പിടിച്ചിറക്കി ആക്രമിക്കുകയായിരുന്നു. പോത്തൻകോട് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ അജീഷും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.