കേരളാ സ്റ്റേറ്റ് റൂട്രോണിക്സിന്റെ കമ്പ്യൂട്ടർ പഠനകേന്ദ്രത്തിൽ ഐ.ടി ലാബിൻ്റെയും കോഴ്സുകളുടെയും ഉദ്ഘാടനം നിർവഹിച്ചു

ചിറയിൻകീഴ്: മുടപുരം എസ്.എൻ.ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് റൂട്രോണിക്സിന്റെ കമ്പ്യൂട്ടർ പഠനകേന്ദ്രത്തിൽ ഐ.ടി ലാബിൻ്റെയും കോഴ്സുകളുടെയും ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി നിർവ്വഹിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുഭാഷ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.ശ്രീകണ്ഠൻ നായർ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ ശ്രീലത, ജി വേണുഗോപാലൻ നായർ, കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർപേഴ്സൺ എൻ സുഭദ്ര, മാനേജിംഗ് ഡയറക്ടർ പത്മകുമാർ, സി.പി.ഐ എം ലോക്കൽ സെക്രട്ടറി ആർ കെ ബാബു, സി.പി.ഐ ലോക്കൽ സെക്രട്ടറി എ അൻവർഷാ, വിജയകുമാർ, എ സുലോചന, എസ് ശ്യാമള തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എസ് ചന്ദ്രൻ സ്വാഗതവും റൂട്രോണിക്സ് പ്രസിഡൻ്റ് എം ബി സതി നന്ദിയും പറഞ്ഞു.
എല്ലാ ജില്ലകളിലും റൂട്രോണിക്സിൻ്റെ കമ്പ്യൂട്ടർ പഠന കേന്ദ്രം സ്ഥാപിക്കുന്നുണ്ട്. നൂറു ശതമാനവും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യമായിരിക്കും. മറ്റ് വിദ്യാർത്ഥികൾക്ക് നാൽപ്പത് ശതമാനം ഇളവും ലഭിക്കും. വനിതകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. കമ്പ്യൂട്ടർ തൊഴിൽ രംഗത്ത് 24 ഓളം അംഗീകൃത കോഴ്സ് ആരംഭിക്കുന്നതിനായാണ് ഇപ്പോൾ ഡെപ്യൂട്ടി സ്പീക്കറുടെ ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടർ സിസ്റ്റം അനുവദിച്ചാണ് പ്രവർത്തനമാരംഭിച്ചത്.