താലൂക്കാശുപത്രിയിൽ പാലിയേറ്റീവ് രോഗികളുടെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കും.

ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ പാലിയേറ്റീവ് രോഗികളുടെ കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് പറഞ്ഞു.കേരള പാലിയേറ്റീവ് ദിനാചരണവും പാലിയേറ്റീവ് വാർഡിന്റെ വാർഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കടയ്ക്കാവൂർ, കിഴുവിലം, ചിറയിൻകീഴ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 94 സെക്കന്ററി തല പാലിയേറ്റീവ് രോഗികൾക്കാണ് താലൂക്കാശുപത്രി വഴിയുള്ള പാലിയേറ്റീവ്പരിചരണം നൽകുന്നത് .ഇതു കൂടാതെ വക്കം റൂറൽ ഹെൽത്ത് സെന്റർവഴി വക്കവും മുദാക്കലും,അഞ്ചുതെങ്ങ് കമ്യൂണിറ്റി ഹെൽത്ത് സെന്റർവഴി അഞ്ചുതെങ്ങിലും സെക്കന്ററി തലത്തിലുള്ള പരിചരണവും പഞ്ചായത്ത്തല പാലിയേറ്റീവ് പരിചരണവും നൽകുന്നുണ്ട്.താലൂക്കാശുപത്രിയിൽ ഇപ്പോൾ എട്ടുകിടക്കകളാണുള്ളത്. കിടത്തി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.ഇതിന്റെ ഭാഗമായിട്ടാണ് വർദ്ധിപ്പിക്കുന്നത്. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഫിസിയോ തെറാപ്പി സെൻററും പ്രവർത്തിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഇളമ്പഉണ്ണികൃഷ്ണൻ,
ഡോ.രാജേഷ്, ഡോ.വിജയ്, ഡോ. പ്രവീൺ, ഡോ.ജിസ്മി, പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ റോയി ജോസ്, പി.ആർ.ഒ . ശ്രുതി.ജി, ഫിസിയോ തെറാപ്പിസ്റ്റ് ദീപു, നഴ്സിംഗ് സൂപ്രണ്ട് ഷീല, പാലിയേറ്റീവ് നഴ്സ് ഗീതുസുനിൽ, കെ.ശിവദാസൻ, അരുൺ തുടങ്ങിയവർ സംസാരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ശബ്ന ഡി.എസ്. സ്വാഗതവും പാലിയേറ്റീവ്നഴ്സ് മഞ്ചു ബിജു നന്ദിയും പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും താലൂക്കാശുപത്രി സാന്ത്വന പരിചരണ യൂണിറ്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാലിയേറ്റീവ് രോഗികൾക്ക് ധാന്യ കിറ്റുകളും നൽകി.യോഗാവസാനം കലാപരിപാടികളും അവതരിപ്പിച്ചു.