ഇടവ ഗവ. മുസ്‌ലിം യു.പി.സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ ഭരണാനുമതി

വർക്കല: ഇടവ ഗവ. മുസ്‌ലിം യു.പി.സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ ഭരണാനുമതി. ഒരുകോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുക.

സ്കൂളിലെ ഏതുനിമിഷവും തകർന്നുവീഴാവുന്ന മേൽക്കൂര വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ഭീതി വിതച്ചിരുന്നു. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ ഓടുപാകിയ മേൽക്കൂര താങ്ങിനിർത്തുന്ന ഉത്തരത്തിൽ വിള്ളലുണ്ടായതാണ് അപകടഭീഷണി വർധിപ്പിച്ചത്. ഈ ഭാഗത്ത് മേൽക്കൂര താഴ്ന്നനിലയിലാണ്. ഇതിന് താഴെയുണ്ടായിരുന്ന ക്ലാസുകൾ മറ്റിടത്തേക്ക് മാറ്റിയാണിപ്പോൾ പഠനം നടത്തുന്നത്.1922-ൽ പ്രവർത്തനമാരംഭിച്ച സ്കൂളിലെ പ്രധാന കെട്ടിടത്തിനും അത്രയും പഴക്കമുണ്ട്. പലഭാഗത്തെയും ഉത്തരവും കഴുക്കോലും ദ്രവിച്ച നിലയിലാണ്. നാലുമാസം മുമ്പാണ് മേൽക്കൂരയിൽ വിള്ളൽ കാണുന്നത്. മേൽക്കൂരയ്ക്ക് സംഭവിച്ച ബലക്ഷയം ഭിത്തിയെയും ബാധിച്ചു. രക്ഷിതാക്കളുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ മറ്റ് ക്ലാസുകളിലേക്ക് മാറ്റിയത്. ഉത്തരം തകർന്നാൽ മേൽക്കൂരയും നിലംപൊത്തും. പുതിയ ഇരുനിലക്കെട്ടിടമാണ് സ്കൂളിന് വേണ്ടി  നിർമിക്കുകയെന്ന് വി.ജോയി എം.എൽ.എ. അറിയിച്ചു.