തേനീച്ച ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

കല്ലറ : തേനീച്ചകളുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പാങ്ങോട് വെള്ളയംദേശം പോങ്ങുമലത്താര ആദിവാസി ഊരിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവർക്കാണ് കുത്തേറ്റത്. ഇരുപത് പേരടങ്ങുന്ന സംഘം കൃഷിയിടത്തിലെ കാടുവെട്ടിത്തെളിക്കുന്നതിനിടെ തേനീച്ചകൾ കൂട്ടത്തോടെ വന്ന് ആക്രമിക്കുകയായിരുന്നു. തൊഴിലാളികൾ ചിതറിയോടിയെങ്കിലും ഏഴുപേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവർ കല്ലറയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.