‘ജീവകല’യുടെ സംസ്ഥാനതല പാരമ്പര്യ തിരുവാതിരക്കളി മത്സരം ” വരിക വാർത്തിങ്കളെ ” നാലാം സീസൺ നാളെ (ജനുവരി 19)

വെഞ്ഞാറമൂട്: അരങ്ങിലും അണിയറയിലും വനിതകൾ മാത്രമായുള്ള തിരുവാതിര നടനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലം സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല പാരമ്പര്യ തിരുവാതിരക്കളി മത്സരം ” വരിക വാർത്തിങ്കളെ ” നാലാം സീസൺ ജനുവരി 19ന് വൈകുന്നേരം 5 മണിക്ക് വെഞ്ഞാറമൂട് സുഹാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

പത്തുവർഷമായി വെഞ്ഞാറമൂടിനെ കലാ സാംസ്കാരിക മേഖലയിൽ വ്യത്യസ്തമായ കലാ വിരുന്നുകളും സാംസ്കാരിക സന്ധ്യകളും കൊണ്ട് സമ്പന്നമാക്കിയ സംഘടനയാണ് ജീവകല. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളിൽ ഏറെ ശ്രദ്ധേയമായതും വനിതകൾ മാത്രം അരങ്ങിലും അണിയറയിലും നേതൃത്വം നൽകുന്നതുമായ തിരുവാതിര,  മലയാളികളുടെ വിശ്വാസത്തെയും ആചാരത്തെയും ബന്ധപ്പെടുത്തി ധനുമാസത്തിൽ ആഘോഷമായി നടത്തപ്പെടുന്നു. സംസ്ഥാനത്തെ പ്രമുഖ തിരുവാതിരക്കളി സംഘങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഏറ്റവും വലിയ ക്യാഷ് പ്രൈസ് ആണ് സമ്മാനമായി നൽകുന്നത്

ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടി വിജയിക്കുന്നവർക്ക് യഥാക്രമം 50000, 25000, 10000 രൂപ സമ്മാനമായി നൽകും. 10-ൽ പരം ടീമുകൾ മൽസരത്തിൽ മാറ്റുരയ്ക്കുന്നു.

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പിന്റെ അദ്യ
ക്ഷതയിൽ ചേരുന്ന യോഗം അഡ്വ.ഡി.കെ മുരളി എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് രമണി.പി.നായർ, നെഹ്റു യുവകേന്ദ്ര ജില്ല കോ-ഓർഡിനേറ്റർ അലി സാബ്രിൻ, സഫയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുനിൽ കുമാർ, ഗായിക എസ്.എസ്.അവനി എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് തിരുവാതിരകളി ചുവടുകളുമായി അംഗനമാർ വേദിയെ ധന്യമാക്കും.