മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ ‘ജീവനി’ പദ്ധതിക്ക് തുടക്കമായി.

മാണിക്കൽ : ‘ജീവനി’- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിക്ക് മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വൈ.വി. ശോഭ കുമാർ മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാതയ്ക്ക് തൈകൾ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

2020 ജനുവരി ഒന്നു മുതൽ 2021 ഏപ്രിൽ വരെയുള്ള 470 ദിവസം വിഷരഹിത പച്ചക്കറി സംസ്ഥാനമൊട്ടാകെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജീവനി -‘നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം’ എന്ന പദ്ധതി കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്നത്

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പ്രേംകുമാർ, മാണിക്കൽ കൃഷി ഓഫീസർ പമീല വിമൽരാജ്‌ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യ-വിദ്യാഭ്യാസ സഹകരണ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, കൃഷിപാഠശാലകൾ എന്നിവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, അംഗൻവാടികൾ, വിവിധ ആരാധാനാലയങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള തരിശുഭൂമികളിലും വിഷമയമല്ലാത്ത കൃഷി പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.