കടയ്ക്കാവൂരിന് അനുവദിച്ച ഇൻഡോർ സ്റ്റേഡിയം നടപ്പിലാവാത്തതിന്റെ കാരണം ഇതാണ്…

കടയ്ക്കാവൂർ : നാടിന്റെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷ നൽകി യുവജനതയെ കായിക ക്ഷമത ഉള്ളവരാക്കി മാറ്റാനും അവർക്ക് അതിനുള്ള സാഹചര്യം ഒരുക്കാനും കടയ്ക്കാവൂരിൽ അനുവദിച്ച ഇൻഡോർ സ്റ്റേഡിയം ഭരണ സമിതിയുടെ പിടിപ്പുകേട് കൊണ്ട് നഷ്ടമായെന്ന് ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പറയുന്നു.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ 11 -ാം വാർഡിൽ പഞ്ചായത്തിന്റെ സ്വന്തം 20 സെന്റ് ഭൂമിയിൽ യുവജനങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാൻ 35, 60000 രൂപ വകയിരുത്തി. എന്നാൽ ജില്ലാ പ്ലാനിംഗ് സമിതി അംഗീകാരം തന്ന പ്രോജക്ട് എൽ.എസ്.ജി.ഡി എക്സിക്യൂട്ടീവ് എൻജിനീയർ ടെക്നിക്കൽ സാങ്ഷൻ നൽകിയില്ലെന്നാണ്  ആരോപണം. അതിന് ഉദ്യോഗസ്ഥർ പറഞ്ഞ കാരണം പ്രസ്തുത സ്ഥലം CRZ – ൽ വരുമെന്നും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ സ്റ്റേഡിയത്തിൽ വെള്ളം കയറുമെന്നും ആണത്രേ. എന്നാൽ കടലും കായലും നദിയും ഇല്ലാത്ത ഈ ഭൂമിയിൽ എങ്ങനെയാണു വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് റിപ്പോർട്ട്‌ നൽകാൻ കഴിയുക, മാത്രമല്ല, പ്രസ്തുത പഞ്ചായത്ത് ഭൂമിയിൽ നിന്നും 20 മീറ്റർ മാറി പഞ്ചായത്തിന്റെ 42 സെന്റ് ഭൂമിയിൽ സർക്കാരിന്റെ ഒരു കോടി 59 ലക്ഷം രൂപയുടെ ആയുർവേദ ഐ.പി കെട്ടിടം പണി പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

പഞ്ചായത്ത് ഭരണസമിതി ഒരക്ഷരം പ്രതികരിക്കാതെ പോയതിനാൽ എൽ. പി സ്കൂളിൽ കെട്ടിടം കെട്ടാൻ ആ തുക വകമാറ്റി വെക്കുകയും ചെയ്തു. സ്കൂളിന് കെട്ടിടം നൽകുന്നതും വിദ്യാഭ്യാസ സമ്പ്രദായത്തിന് പ്രാമുഖ്യം നൽകേണ്ടതും അത്യാവശ്യം തന്നെയാണ്. എന്നാൽ ഒരു നാടിന്റെ യുവ ജനതയ്ക്ക് ഏറെ ആവേശകരവും കായികപരവുമായ ഒരു പദ്ധതിക്ക് വന്ന തുക വഴി മാറി പോയാൽ എങ്ങനെയാണ് നാട്ടിൽ കായിക പ്രാപ്തിയുള്ള ഭാവി തലമുറയെ വാർത്തെടുക്കാൻ കഴിയുക എന്നാണ് ചോദ്യം.

എന്നാൽ പ്രസ്തുത തുക ധനകാര്യ കമ്മീഷൻ ഗ്രാന്റായ 35 ലക്ഷത്തി അറുപതിനായിരം രൂപ സർക്കാരിന്റെ 2019 – 20 വാർഷിക പദ്ധതി മാർഗ്ഗരേഖയ്ക്ക് വിരുദ്ധമായാണ് ചിലവഴിക്കാൻ പോകുന്നതെന്നും ധനകാര്യ ഗ്രാന്റ് ഘടകസ്ഥാപനങ്ങളുടെ കെട്ടിടം ഒഴികെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് ഭരണസമിതിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായിരുന്നുവെങ്കിൽ ഇൻഡോർ സ്റ്റേഡിയം എന്ന പദ്ധതി നടപ്പിൽ വരുമായിരുന്നുവെന്നും ആക്ഷേപമുണ്ട്. എന്നാൽ പദ്ധതികൾ വഴിമാറി പോയതോടെ പഞ്ചായത്തിന്റെ ഇൻഡോർ സ്റ്റേഡിയം വീണ്ടും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.