കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂരിൽ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു

കടയ്ക്കാവൂർ : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികളും കോൺഗ്രസ് മെമ്പർമാരും ചേർന്നു കടയ്‌ക്കാവൂർ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു. തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായെന്ന് ആരോപിച്ചായിരുന്നു ഉപരോധം. സ്‌കിൽഡ് വർക്കുകൾക്ക് മാത്രമേ മസ്റ്റ്റോൾ നൽകുകയുള്ളു എന്ന് പറഞ്ഞിട്ട് പഞ്ചായത്തിലെ ചില വാർഡുകളിൽ അൺസ്‌കിൽഡ് വർക്കുകൾക്ക് മസ്റ്റ്റോൾ നൽകിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അപേക്ഷിച്ച മുഴുവൻ തൊഴിലാളികൾക്കും തിങ്കളാഴ്ച തന്നെ മസ്റ്റ്റോൾ നൽകുമെന്ന സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്ന് പ്രതിഷേധം അവസാനിച്ചു. കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് അഡ്വ. റസൂൽഷാൻ പ്രതിഷേധം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർമാരായ ജയന്തി സോമൻ, രതി പ്രസന്നൻ, മധു, മോഹനകുമാരി എന്നിവർ നേതൃത്വം നൽകി.