വൃദ്ധയുടെ കടയിലെത്തി സൗഹൃദം സ്ഥാപിച്ച് വീട്ടിൽ കയറി മോഷണം, ഒളിവിൽ പോയ പ്രതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി

കടയ്ക്കാവൂർ : വ്യദ്ധയായ സ്ത്രീ താമസിച്ചിരുന്ന വീട്ടിൽ കയറി മോഷണം ചെയ്ത പ്രതി കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായി .

മോഷണം ,കവർച്ച , കൂലിതല്ല് തുടങ്ങിയ നിരവധി കേസ്സുകളിലെ പ്രതിയായ തിരുവനന്തപുരം ബാർട്ടൻഹിൽ കുന്നുകുഴി തങ്കവിലാസം വീട്ടിൽ രാജനെ (വയസ്സ് 39) ആണ് മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്തത്.

വക്കം പണയികടവ് മണക്കാട്ട് താഴെ വീട്ടിൽ സരോജിനി എന്ന വയസ്സായ സാധു സ്ത്രീ വർഷങ്ങളായി തൊഴിലുറപ്പ് ജോലിക്ക് പോയി കിട്ടിയ സമ്പാദ്യമായിരുന്ന 20, 000 രൂപയും രേഖകളും കവർച്ച ചെയ്ത കേസ്സിലാണ് കടയ്ക്കാവൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

12.01.2020 ഞായറാഴ്ച വൈകുന്നേരം സരോജിനിയുടെ വണ്ടികടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി സൗഹൃദം സ്ഥാപിച്ച് അവിടെ കൂടുകയായിരുന്നു. സന്ധ്യക്ക് സരോജിനി വിളക്ക് കത്തിക്കുവാൻ കടയോട് ചേർന്നുള്ള വീട്ടിലേക്ക് പോയ സമയം പ്രതിയും ഇവർ അറിയാതെ കൂടെ വീടിനുള്ളിൽ കയറിയാണ് മോഷണം നടത്തിയത് . തൊട്ടടുത്ത ഹോട്ടലിലേയും വ്യാപാര സ്ഥാപനങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സമീപത്തെ ബാർ ഹോട്ടലിൽ കരാർ പണിക്കായി വന്നയാളാണ് പ്രതി എന്ന് മനസ്സിലാക്കി. പോലീസ് തിരയുന്ന വിവരം അറിഞ്ഞ് ഇയാൾ അവിടെ നിന്നും ഒളിവിൽ പോയി. ഒളിസ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

തിരുവനന്തപുരം സിറ്റിയിലെ നിരവധി കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജൻ . കരമന , തമ്പാനൂർ ,മ്യൂസിയം , വഞ്ചിയൂർ , ഫോർട്ട് , വലിയതുറ പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മോഷണം ,പിടിച്ചുപറി ഉൾപ്പെടെ ഉള്ള കുറ്റത്തിന് കേസ്സുകൾ ഉണ്ട്. സിനിമ – സീരിയൽ താരം ഇനിയയുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപ കവർച്ച നടത്തിയതും രാജന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ എസ്.എം.റിയാസ്സ് , സബ് ഇൻസ്പെക്ടർ വിനോദ് വിക്രമാദിത്യൻ എ.എസ്.ഐ ദിലീപ് , ബൈജു സി.പി.ഒ മാരായ ഡീൻ, ജ്യോതിഷ്, ബിനോജ് , സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.