മദ്യം നൽകാത്തതിനെ തുടർന്ന് ആക്രമണം: കല്ലമ്പലത്ത് 2 പേർ അറസ്റ്റിൽ

കല്ലമ്പലം: ബാർ ഹോട്ടൽ അടച്ച ശേഷം എത്തിയ യുവാക്കൾക്ക് മദ്യം നൽകാത്തതിനെതുടർന്ന് ബാർ ഹോട്ടലിൽ ആക്രമണം നടത്തിയ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. ഒറ്റൂർ വെട്ടിമൺകോണം രമണി വിലാസത്തിൽ ജോഷി (22), ഇടവ വെൺകുളം റസീന മൻസിലിൽ നിന്നും പുതുശേരിമുക്ക് വണ്ടിത്തടം ആരാമം വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന സഫീൽ (19) എന്നിവരാണ് പിടിയിലായത്. നിരവധി ക്കേസുകളിലെ പ്രതിയായ ജോഷിയടക്കമുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയിൽ ബാർ ഹോട്ടൽ അടച്ച ശേഷം സ്ഥലത്തെത്തിയ പ്രതികൾക്ക് മദ്യം നൽകാത്തതിനെതുടർന്ന് മാരകായുധങ്ങളുമായി സെക്യൂരിറ്റി ഓഫീസറുടെ മുറിയിൽ കയറി ഇയാളെ മർദ്ദിക്കുകയും തടയാൻ ചെന്ന മറ്റു ജീവനക്കാരെ കത്തിവീശി ഭീഷണിപ്പെടുത്തുകയുമായിരുന്നു. കല്ലമ്പലം സി.ഐ ഫറോസ്, എസ്.ഐ. നിജാം.വി, അഡിഷണൽ എസ്.ഐ അനിൽ .ആർ.എസ്, എ.എസ്.ഐ സുനിൽ, സി.പി.ഒ രാകേഷ്, ഹോം ഗാർഡ് ആർ.കെ. നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.