കാട്ടാക്കടയിൽ യുവാവിനെ മണ്ണുമാന്തിക്ക് അടിച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയത് പോലീസും മണ്ണ് മാഫിയയും ചേർന്നുള്ള ഗുണ്ടാ സംഘം : അടൂർ പ്രകാശ് എംപി

കാട്ടാക്കട : സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് തടഞ്ഞ കാട്ടാക്കട അമ്പലത്തിൻ കാലയിൽ സംഗീതിനെ മണ്ണുമാന്തിക്ക് അടിച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയത് പോലീസും മണ്ണ് മാഫിയയും ചേർന്നുള്ള ഗുണ്ടാ സംഘമാണെന്ന് അടൂർ പ്രകാശ് എംപി.

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം കഴിഞ്ഞിട്ട് രണ്ടു ദിവസമായിട്ടും പ്രതികളെ കണ്ടുപിടിക്കാതെ പോലീസ് ഒത്തുകളി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നര മണിയോടെയാണ് സംഗീതിനെ മണ്ണുമാന്തി കൊണ്ട് ഒരു സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് തടയാന്‍ പൊലീസിന്റെ സഹായം തേടിയിട്ട് സഹായം നൽകാൻ പോലീസ് തയ്യാറാകാതെ ഇരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. മണ്ണ് മോഷണം വിളിച്ചറിയിച്ചിട്ട് പോലീസ് വരുന്നതും കാത്ത് അക്രമികളും ടിപ്പറും മണ്ണുമാന്തിയും രക്ഷപ്പെടാതിരിക്കാൻ റോഡിന് നടുവിൽ കയറി നിന്നപ്പോഴാണ് സംഗീതിനെ അടിച്ചുകൊന്നത്!
എന്നാൽ പൊലീസ് എത്തിയത് കൊലപാതകത്തിനും ഗുണ്ടാ സംഘത്തിന്റെ രക്ഷപ്പെടലും ഉറപ്പിച്ചതിനു ശേഷമാണെന്നത് ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്.
പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ള യഥാർത്ഥ കുറ്റവാളികളെയെല്ലാം ഉടൻ അറസ്റ്റ് ചെയ്യാൻ ആഭ്യന്തര വകുപ്പ് തയ്യാറായില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് താൻ നേതൃത്വം നൽകുമെന്നും അടൂർ പ്രകാശ് എംപി കൂട്ടിച്ചേർത്തു.