കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജീവനി പദ്ധതിക്ക് തുടക്കമായി

കിളിമാനൂർ:  വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക, പച്ചക്കറി കൃഷിയിൽ സമ്പൂർണ സ്വയംപര്യാപ്തത കൈവരിക്കുക എന്നീ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് ആരംഭിച്ച ജീവനി പദ്ധതിക്ക്‌ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. ‘ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോ​ഗ്യം’ എന്ന സന്ദേശമുയർത്തി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ പച്ചക്കറി കൃഷിയിൽ സമ്പൂർണ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടുന്നത്. 2020ജനുവരിമുതൽ 2021 വിഷുക്കാലം വരെയുള്ള 470 ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പദ്ധതിയാണ് ജീവനി.

പരമ്പരാ​ഗത പച്ചക്കറിവിത്തുകളുടെ പ്രോത്സാഹനം, വിത്ത് കൈമാറ്റക്കൂട്ടം രൂപീകരിക്കൽ, എല്ലാ വീടുകളിലും പച്ചക്കറി പോഷകതോട്ടങ്ങൾ രൂപീകരിക്കൽ, ജന പ്രതിനിധികൾ നിർദേശിക്കുന്നയിടങ്ങളിൽ പ്രദർശന പ്ലോട്ടുകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ, മറ്റ് സ്ഥാപനങ്ങളിൽ എന്നിവയിൽ ജനപങ്കാളിത്തത്തോടുകൂടിയുള്ള പച്ചക്കറി വ്യാപനം എന്നിവ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ നടത്തിപ്പിനായി ബ്ലോക്ക് , പഞ്ചായത്ത്തല പരിശീലനക്ലാസുകൾ സംഘടിപ്പിക്കും. പച്ചക്കറി ക്ലസ്റ്ററുകൾ വിപുലീകരിക്കും.
ബയോഫാർമസികൾ, ഇക്കോഷോപ്പുകൾ, ക്ലസ്റ്റർ മാർക്കറ്റുകൾ, ആഴ്ച ചന്തകൾ എന്നിവ വിപൂലീകരിച്ച് മികച്ച മാർക്കറ്റിങ്ങും ലഭ്യമാക്കും. കിളിമാനൂർ ബ്ലോക്ക്തല ഉദ്ഘാടനം പ്രസിഡന്റ്‌ ശ്രീജാഷൈജുദേവ് നിർവഹിച്ചു. ടി ബേബിസുധ അധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ അനിൽകുമാർ പദ്ധതി വിശ​ദീകരിച്ചു. കെ രാജേന്ദ്രൻ, ഡോ ഷാജി, കബനി തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ മണിവർണൻ സ്വാ​ഗതം പറഞ്ഞു.