ഊർജ രജിസ്റ്ററുണ്ട്; കറണ്ടടിക്കില്ല”-  കിളിമാനൂർ ഗവ :എൽ. പി എസ്സിലെ കുരുന്നുകൾക്ക് സമ്മാനവുമായി ‘മന്ത്രിമാമൻ’

കിളിമാനൂർ :ദേശീയ ഉർജ്ജസംരക്ഷണദിനത്തിൽ പുതുമയാർന്ന പ്രവർത്തനം സംഘടിപ്പിച്ച കിളിമാനൂർ ഗവ എൽ പി എസ് ലെ കുരുന്നുകൾക്ക് വൈദ്യുതവകുപ്പ് മന്ത്രി എം എം മണി യുടെ വക പുതുവത്സര ഡയറിയും കലണ്ടറും സമ്മാനമായി ലഭിച്ചു.

വൈദ്യുത ഉപഭോഗം കുറയ്ക്കാൻ കുട്ടികൾനടപ്പിലാക്കിയ പ്രോജക്ടിനെ കുറിച്ചുള്ള പത്രവാർത്ത കണ്ട മന്ത്രി കുട്ടികളെ നേരിട്ട് കാണാനും പ്രവർത്തനം നടപ്പിലാക്കിയ രീതി ചോദിച്ചറിയാനുമായി കുട്ടികളെ ഓഫീസിലേക്കു ക്ഷണിക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസിൽ അതിഥികളായി എത്തിയ കുട്ടികൾക്ക് ജീവനക്കാർ മധുരം നൽകിയാണ് സ്വീകരിച്ചത്. കുരുന്നുകൾ പ്രോജക്ടിന്റെ വിശദാംശങ്ങളും ലക്ഷ്യങ്ങളും മന്ത്രിമാമന്റെ മുന്നിൽ അവതരിപ്പിച്ചു . കുട്ടികൾ തയ്യാറാക്കിയ ഊർജരജിസ്റ്റർ,പ്രോജക്ട് റിപ്പോർട്ട് തുടങ്ങിയവ മന്ത്രി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു. കിളിമാനൂർ ഗവ :എൽ പി എസ്സിലെ കുരുന്നുകൾ നടപ്പിലാക്കിയ പ്രവർത്തനം മാതൃകാപരമാണെന്നും ഇത് സമൂഹത്തിൽ വലിയ സന്ദേശം നൽകാൻ കഴിയുമെന്നും മന്ത്രി എം എം മണി അഭിപ്രായപ്പെട്ടു. ഊർജസംരക്ഷണത്തിന്റെ ബോധവത്കരണത്തിനായി കുട്ടികൾ തയ്യറാക്കിയ പോസ്റ്ററിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു .മന്ത്രി മാമന് കുരുന്നുകൾ സ്കൂളിൽ നിർമ്മിച്ച വിത്തുപേനയും സീഡ്‌ബോംബും സമ്മാനമായി നൽകി.


വൈദ്യുതി ഉപഭോഗം കുറച്ച് വീടുകളിൽ വൈദ്യുത ബില്ല് കുറയ്ക്കാനുള്ള പദ്ധതിയാണ് കുട്ടികൾ ഏറ്റെടുത്തു നടപ്പിലാക്കിയത്” . സ്കൂളിൽ പ്രവർത്തിക്കുന്ന എനർജി ക്ലബും കിളിമാനൂർ കെ .എസ് .ഇ .ബി യും സംയുക്തമായി ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത് .പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിലെ വൈദ്യുതബില്ലിലെ വിവരങ്ങൾ ,സ്കൂളിൽ തയ്യാറാക്കിയ ഊർജ രജിസ്റ്ററിൽ രേഖപ്പെടുത്തി തുടർന്ന് അധ്യാപകരുടെ സഹായത്തോടെ ഓരോവീട്ടിലും ഉപയോഗിക്കുന്ന വൈദ്യുത ഉപകരണങ്ങളുടെ എണ്ണം ഉപയോഗിക്കുന്ന സമയം ബില്ല് തുക എന്നിവ താരതമ്യം ചെയ്ത് ഉർജ്ജഓഡിറ്റിംഗ് നടത്തുകയും ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യ൦ കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു. തുടർമാസങ്ങളിലെ വൈദ്യുത ബില്ലുകൾ പരിശോധിച്ചപ്പോൾ പത്തു മുതൽ നാൽപതു ശതമാനം വരെ ഉപഭോഗം കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ കഴിഞ്ഞു എന്ന് മനസിലായി. പരിപാടിയിൽ സ്കൂൾ വികസനസമിതി അംഗമായ സുകുമാരപിള്ള എനർജി ക്ലബ് അംഗങ്ങളായ കുട്ടികളും അധ്യാപകരും പങ്കെടുത്തു.