കിളിമാനൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ

കിളിമാനൂർ : കിളിമാനൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. എറണാകുളം പാതാളം എന്ന സ്ഥലത്ത് താമസമാക്കിയ തമിഴ്നാട് സ്വദേശികളായ മുരുകൻ(37), കൃഷ്ണൻ (38) എന്നിവരാണ് അറസ്റ്റിലായത്.

കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിൻറ പണിക്കായി എത്തിയ തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി എറണാകുളം, ഏലൂർ പാതാളം എന്ന സ്ഥലത്ത് താമസമാക്കിയ ചെല്ലമണി(40)യാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന നിധീഷ് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

കിളിമാനൂർ ഗ്രാമ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിനായി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ താമസിച്ച് പണി ചെയ്തു വന്നവരാണ് ഇവർ. പണിക്കിടയിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ചെല്ലമണിയുടെ ഫോണിൽ നിധീഷ് ചിത്രീകരിച്ച് എറണാകുളത്തുള്ള കോൺടാക്റ്റർക്ക് വാട്സ് ആപ്പിൽ അയച്ച് കൊടുത്തതിലുള്ള വിരോധത്താലാണ് പ്രതികൾ ചേർന്ന് ഇന്നലെ തിയതി രാത്രി 9അര മണിക്ക് പഞ്ചായത്ത് ഓഫീസിന് മുൻവശം വച്ച് ചെല്ലമണിയേയും ഒപ്പമുണ്ടായിരുന്ന നിധീഷിനേയും മാരകമായി പരിക്കേൽപിച്ചത്. ചെല്ലമണിയെ കൊലപ്പെടുത്തുകയും നിധീഷ് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയുമാണ്. സംഭവത്തിന് ശേഷം പ്രതികൾ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോകുന്നതിന് വേണ്ടി വർക്കല റയിൽവേ സ്റ്റേഷനിൽ എത്തിയ സമയമാണ് അറസ്റ്റ് ചെയ്തത്.
ആറ്റിങ്ങൽ ഡിവൈഎസ്പി പി.വി ബേബിയുടെ നിർദ്ദേശാനുസരണം കിളിമാനൂർ സിഐ കെ.ബി മനോജ് കുമാർ, എസ്‌ഐ മാരായ എസ് അഷറഫ്, റ്റി.കെ ഷാജി, സുരേഷ് കുമാർ , എ.എസ്‌ഐ റാഫി , സിപിഒമാരായ റിയാസ് , അജോ , ബിനു , റെജിമോൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയത്.