യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കെഎസ്ആർടിസി : തിനവിള – ചിറയിൻകീഴ് സർവീസ് നാളെ മുതൽ പുനരാരംഭിക്കുന്നു

കടയ്ക്കാവൂർ : ഒരു വർഷത്തിലധികമായി നിർത്തി വെച്ചിരുന്ന കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്ന വാർത്തയറിഞ്ഞ് സന്തോഷത്തിലാണ് കടയ്ക്കാവൂർ സ്വദേശികൾ. ഏറെ നാളത്തെ ആവശ്യമാണ് നാളെ മുതൽ യാഥാർഥ്യമാകുന്നത്. രാവിലെ 7:10നു ആറ്റിങ്ങലിൽ നിന്ന് ആരംഭിച്ച്‌ തിനവിള – മേൽകടയ്ക്കാവൂർ – കടയ്ക്കാവൂർ – ആനത്തലവട്ടം വഴി 7:50ന് ചിറയിൻകീഴ് എത്തും. തിരിച്ച് 8 മണിക്ക് ചിറയിൻകീഴിൽ നിന്ന് ആനത്തലവട്ടം – കടയ്ക്കാവൂർ – മേൽകടയ്ക്കാവൂർ – തിനവിള – ആറ്റിങ്ങൽ – മെഡിക്കൽ കോളേജ് വഴി 10:15ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

കടയ്ക്കാവൂരിനെ കെഎസ്ആർടിസി അവഗണിക്കുന്നു എന്ന് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കടയ്ക്കാവൂർ വഴി വീണ്ടും കെഎസ്ആർടിസി ബസ്സുകൾ സർവീസ് പുനരാരംഭിച്ചത്. നാളെ മുതൽ സർവീസ് പുനരാരംഭിക്കുന്നു എന്നറിഞ്ഞതിൽ കടയ്ക്കാവൂർ സ്വദേശികൾ ആശ്വാസത്തിലാണെങ്കിലും ഇനിയും ഇടയ്ക്ക് വെച്ച് സർവീസ് നിർത്തുമോ എന്ന ആശങ്കയും അവർക്കുണ്ട്.