മണമ്പൂരിൽ രോഗിയായ വൃദ്ധ ഒറ്റയ്ക്ക്, സഹോദരി പുത്രൻ സ്വത്ത് കൈക്കലാക്കിയെന്ന് പരാതി…

മണമ്പൂർ : മണമ്പൂരിൽ 83 വയസ്സുള്ള വൃദ്ധയിൽ നിന്ന് സഹോദരി പുത്രൻ സ്വത്ത്‌ കൈക്കലാക്കിയെന്ന് പരാതി. മണമ്പൂർ ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ പാലാംകോണം, കാട്ടിൽ വീട്ടിൽ രാജമ്മ(83)യാണ് പൊട്ടി പൊളിയാറായ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നത്. ഷീറ്റിട്ട കൂരയിൽ ഏകയായി കഴിയുന്ന രാജമ്മയ്ക്ക് ഇന്ന് പരസഹായം അത്യാവശ്യമാണ്. കാല് പഴുത്ത് കയറിയ സാഹചര്യത്തിൽ രാജമ്മയുടെ വിരല് മുൻപ് മുറിച്ചിട്ടുണ്ട്. അവശനിലയിൽ കഴിയുന്ന രാജമ്മയ്ക്ക് വാർഡ് മെമ്പർ നജീമ ഇടപെട്ട് പാഥേയം പദ്ധതിയിലൂടെ ഉച്ച ഭക്ഷണം എത്തിച്ചു വന്നിരുന്നു. പഞ്ചായത്തിലെ ഒരു എ.ഡി.എസ് അംഗമാണ് ഭക്ഷണം വീട്ടിൽ എത്തിച്ചു കൊടുക്കുന്നത്.

എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഭക്ഷണവുമായി എത്തിയപ്പോൾ രാജമ്മ കടുത്ത അവശനിലയിൽ ആണെന്ന് മനസ്സിലാക്കി വാർഡ് മെമ്പറെ വിവരം അറിയിച്ചു. വാർഡ് മെമ്പറെത്തി മണമ്പൂർ ഗവ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഡോക്ടർ രാജമ്മയെ അഡ്മിറ്റ്‌ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും കൂട്ടിരിപ്പിന് ആളെ കിട്ടാതെ വന്നതിനാൽ ശുശ്രൂഷ നൽകി വീട്ടിലെത്തിച്ചു. എങ്കിലും പരസഹായമില്ലാതെ രാജമ്മയ്ക്ക് തുടർന്നു പോകാൻ കഴിയില്ല. തുടർന്ന് രാജമ്മയെ നോക്കാമെന്നു പറഞ്ഞ് ബന്ധുക്കളിൽപ്പെട്ട ഒന്നു രണ്ടു പേർ എത്തി.

തുടർന്ന് മുൻപ് ഒരിക്കൽ രാജമ്മയ്ക്ക് സുഖമില്ലാതിരുന്ന സാഹചര്യത്തിൽ ചെറുന്നിയൂരിൽ താമസിക്കുന്ന സഹോദരി പുത്രൻ വന്ന് കൂട്ട് നിൽക്കുകയും നോക്കുകയും ചെയ്തിരുന്നു. അത് പ്രകാരം രാജമ്മയുടെ അവശത അറിയിച്ച് സഹോദരി പുത്രനെ ബന്ധപ്പെട്ടപ്പോൾ അയാൾ നോക്കിക്കോളാമെന്ന് പറഞ്ഞെങ്കിലും രാജമ്മയ്ക്ക് ഭയമാണെന്നും അയാൾ ഉപദ്രവിക്കുമെന്നും രാജമ്മ പറയുന്നു. അന്ന് അയാൾ കൂട്ട് നിന്നപ്പോൾ രാജമ്മയുടെ പേരിലുള്ള 15 സെന്റ് സ്ഥലവും ഇവർ താമസിച്ചു വരുന്ന ചെറിയ കൂരയും അയാളുടെ പേരിലാക്കുകയും സ്വത്ത് കൈക്കലാക്കിയ ശേഷം രാജമ്മയെ ഉപദ്രവിക്കുകയും വീട്ടിൽ ഉണ്ടായിരുന്ന സർവ്വ സാധനങ്ങളും കൊണ്ടു പോകുകയും ചെയ്‌തെന്ന് രാജമ്മ പറയുന്നു. അത് കൊണ്ട് അയാളുടെ സംരക്ഷണത്തിൽ നിൽക്കേണ്ടി വന്നാൽ മരിച്ചു കളയും എന്നുവരെ രാജമ്മ ഭീഷണി മുഴക്കി.

40 വർഷങ്ങൾക്ക് മുൻപ് രാജമ്മയുടെ ഭർത്താവ് മരിച്ചു. ഇവർക്കുണ്ടായിരുന്ന രണ്ട് ആണ്മക്കളും മരണപ്പെട്ടു. വർഷങ്ങളായി ഇവർ ഒറ്റയ്ക്കാണ്. എന്നാൽ നടന്നു നിന്നിരുന്ന സമയത്ത് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. ഇപ്പോൾ അവശനിലയിൽ ആയപ്പോഴാണ് രാജമ്മയുടെ സംരക്ഷണമോർത്ത് വാർഡ് മെമ്പറും നാട്ടുകാരും വിഷമിത്തിലാണ്.

ഫോട്ടോ : രാജമ്മ വാർഡ് മെമ്പർ നജീമയോടൊപ്പം

നിലവിൽ വീടിന്റെയും വസ്തുവിന്റെയും രേഖകളും മറ്റും സഹോദരി പുത്രന്റെ പേരിലായതിനാൽ ഇവർക്ക് പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ പോലും ലഭ്യമാക്കാൻ പറ്റാത്ത സാഹചര്യമാണ്. തന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലം തനിക്ക് തിരികെ ലഭിക്കണമെന്നാണ് രാജമ്മയുടെ ആവശ്യം. അതിനായി ജനപ്രതിനിധികളുടെ സഹായത്തോടെ വിവിധ തലത്തിലുള്ള അധികൃതർക്ക് പരാതി നൽകി വരുകയാണ് ഈ വൃദ്ധ.