നഗരൂരിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

നഗരൂർ : നഗരൂരിൽ വെള്ളല്ലൂർ പോരിയോട്ടുമലയിൽ പാറഖനനത്തിന് അനുമതി നൽകാൻ നീക്കം നടക്കുന്നുവെന്നാരോപിച്ച് ഭരണ- പ്രതിപക്ഷ അംഗങ്ങളും, പോരിയോട്ടുമല സംരക്ഷണ സമിതിയും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഓഫീസ് സമയം കഴിഞ്ഞിട്ടും സെക്രട്ടറിയെ പുറത്തിറങ്ങാൻ അനുവദിക്കാത്തതിനെ തുടർന്ന് രാത്രി ഏഴുമണിയോടെ പോലീസെത്തി സമരക്കാരെ അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു.

കഴിഞ്ഞ നവംബർ 29-ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിൽ സി.പി.എം. അംഗം അനൂപ് രാജ് പോരിയോട്ടുമലയ്ക്ക് ലഭിച്ച ഖനനാനുമതി റദ്ദുചെയ്യാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. ഇത് കമ്മിറ്റി അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇത് മിനിറ്റ്‌സിൽ സെക്രട്ടറി എഴുതിച്ചേർത്തില്ലെന്നാണ് ആരോപണം.ഇന്നലെ ഉച്ചയോടെ പഞ്ചായത്തംഗങ്ങൾ മിനിറ്റ്‌സിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും അങ്ങനെയൊരു മിനിറ്റ്‌സ്‌ ഇല്ലെന്ന് സെക്രട്ടറി അറിയിച്ചു. തുടർന്ന് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.അനിൽകുമാർ, സി.പി.എം. അംഗം അനൂപ് രാജ്, കോൺഗ്രസ് അംഗം കൂടാരം സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം എസ്.കെ.സുനി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനന്തുകൃഷ്ണൻ, ബി.ജെ.പി. നേതാവ് പ്രദീപ് കുമാർ, സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ശശിധരൻ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു. ഇരുപത്തിയഞ്ചോളം പേരെ നഗരൂർ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.