നാവായിക്കുളത്ത് കാട്ടുപന്നിയുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

നാവായിക്കുളം : നാവായിക്കുളത്ത് കാട്ടുപന്നിയുടെ കൂട്ട ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.  അമ്മാംകോണം മൂലയിൽവീട്ടിൽ ഷിറാസി(20)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ അമ്മാംകോണം പള്ളിവളവിന് സമീപമാണ് സംഭവം. ബേക്കറി തൊഴിലാളിയായ ഷിറാസ് ബൈക്കിൽ വീട്ടിലേക്കു വരുമ്പോൾ കൂട്ടത്തോടെ വന്ന കാട്ടുപന്നികൾ ആക്രമിക്കുകയും തുടർന്ന് നിയന്ത്രണം തെറ്റി ബൈക്കിൽ നിന്നും നിലത്തുവീണപ്പോൾ കൂട്ടമായി അക്രമിക്കുകയും ചെയ്തു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി. നാട്ടുകാർ എത്തിയപ്പോൾ പന്നിക്കൂട്ടം സ്ഥലം വിട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇയാൾ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  രണ്ടുലക്ഷം രൂപ ചിലവുള്ള അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം ഇപ്പോൾ ഷിറാസ്ആശുപത്രിയിൽ വിശ്രമത്തിലാണ്.