പ്രകാശം പരന്ന് നെല്ലനാട്, നാട്ടുകാർക്ക് ആശ്വാസം

നെല്ലനാട് : തെരുവുവിളക്ക് എന്ന നെല്ലനാട് ഗ്രാമവാസികളുടെ ഏറെക്കാലത്തെ ആഗ്രഹം സഫലമായി. പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് അഞ്ച് മിനി മാസ്റ്റ് ലൈറ്റുകളാണ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്. മേഖലയിൽ രാത്രി കാലങ്ങളിൽ യാത്രാ ക്ലേശം രൂക്ഷമായതും, ചിലയിടങ്ങളിൽ പന്നി ശല്യം രൂക്ഷമായതുമാണ് തെരുവുവിളക്കിനായി നാട്ടുകാർ ആവശ്യം ഉന്നയിച്ചത്. വലിയ കട്ടയ്ക്കാൽ, വെഞ്ഞാറമൂട് കിഴക്കേറോഡ്, മണലിമുക്ക്, ആലന്തറ, കീഴായിക്കോണം എന്നി സ്ഥലങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. നെല്ലനാട് ഗ്രാമവഞ്ചായത്ത് ജനകീയ ആസൂത്രണ ഫണ്ടിൽ നിന്നും എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം മണലിമുക്ക് ജംഗ്ഷനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അനിൽ, ബിനു എസ്.നായർ, ബി.എസ്. പരമേശ്വരൻ, ബീനാ രാജേന്ദ്രൻ, ബിന്ദു, അംബിക, ജനമൈത്രി പൊലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട്, അബ്ദുൽ ബഷീർ, ദിൽഷാദ് എന്നിവർ പങ്കെടുത്തു.