നേതാജി എൻഡോവ്മെന്റ് അവാർഡ് 2020 അബിന പ്രകാശിന്

കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തും കേരള എക്സ്: ഐ.എൻ.എ അസോസിയേഷനും സംയുക്തമായി നടപ്പിലാക്കി വരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് എൻഡോവ്മെന്റ് അവാർഡ് 2020 എറണാകുളം സ്വദേശിനി അബിന പ്രകാശിന്. മഹാത്മാ ഗാന്ധി സർവകലാശാലയിലെ യു.സി കോളേജ് വിദ്യാർഥിനിയാണ് അബിന പ്രകാശ്. കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും ബി.എ മലയാളത്തിന് സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർഥിക്കാണ് ഈ അവാർഡ് നൽകി വരുന്നത്. 13000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

നാളെ (23ജനുവരി 2020)വൈകുന്നേരം കടയ്ക്കാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 123ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ അവാർഡ് വിതരണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.വിലാസിനിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും നിർവഹിക്കും. പോലീസ് ക്വാർട്ടേഴ്സ് എസ്പിഎൽ സെൽ അജിത് കുമാർ ഐപിഎസ് നേതാജി അനുസ്മരണ പ്രഭാഷണം നടത്തും.

ചടങ്ങിൽ 2019 മിസ് കേരള വിന്നർ അൻസി കബീർ, സ്റ്റേറ്റ് ലെവൽ ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടിയ ജിഷ്ണുദേവ്, സ്റ്റേറ്റ് ലെവൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ സുൽത്താന എന്നിവരെ ആദരിക്കും.