നിലയ്ക്കാമുക്ക് ചന്തയിൽ രോഗങ്ങളുടെ കച്ചവടം, അടിസ്ഥാന സൗകര്യം പോലും ഒരുക്കാൻ കഴിയാത്ത അധികാരികൾ !

അഞ്ചുതെങ്ങ് :അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഗതികേട്ടൊരു ചന്ത , വക്കം നിലയ്ക്കാമുക്കിലാണ് പ്രദേശവാസികളും നാട്ടുകാരും മൂക്കുപൊത്തി കടന്നുചെല്ലുന്ന വൃത്തിഹീനമായ ഈ മാർക്കറ്റ് പ്രവർത്തിക്കുന്നത്. അത്യാവശ്യ കെട്ടിടങ്ങളോ ശുചിമുറിയോ മാലിന്യ സംസ്കരണമോ ഒന്നും തന്നെ ഇല്ലാതെ കാലങ്ങളായി പ്രവർത്തിക്കുന്ന ഈ ചന്തയിൽ ദിനംപ്രതി വന്നുപോകുന്നത് നൂറുകണക്കിനുപേർ.

നിരവധിതവണ വ്യാപാരികളും ഉപഭോക്താക്കളും പരാതിപ്പെട്ടിട്ടും ഇന്നും ചന്തയുടെ പ്രവർത്തനം ദയനീയം തന്നെ.

വക്കം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്ന നിലയ്ക്കാമുക്കിലെ പൊതു ചന്തയിലാണ് അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കാത്തതിനാൽ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും ഒരുപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കടയ്ക്കാവൂരിനും മണനാക്കിനും ഇടയിലുള്ള പ്രധാനപ്പെട്ട കച്ചവട കേന്ദ്രമാണ് നിലയ്ക്കാമുക്കിലെ പൊതുചന്ത. തീരത്തിനോട് അടുത്ത് പ്രവർത്തിക്കുന്നതിനാൽ കടൽ കായൽ മത്സ്യങ്ങൾ ഏറ്റവുമധികം വിൽപ്പനയ്ക്കെത്തുന്ന ചന്തയാണിത്.

കടയ്ക്കാവൂർ വക്കം ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ ഇരു പഞ്ചായത്തുകളിലേയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവരും ആശ്രയിക്കുന്നത് ഈ ചന്തയെ ആണ്.
വൃത്തിഹീനമായ സാഹചര്യത്തിലും തുറസ്സായ സ്ഥലത്തുമാണ് ഇവിടെ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന പൊടിപൊടിക്കുന്നത്. ആവിശ്യത്തിന് ശൗചാലയം പോലുമില്ലാത്ത ഇവിടെ ആവിശ്യക്കാർ ചന്തയ്ക്കുള്ളിലെ ആരുടേയും കണ്ണില്പെടാത്ത മറവുള്ള സ്ഥലം യെധേഷ്ടം ഒന്നിനോ രണ്ടിനോ തിരഞ്ഞെടുക്കാമെന്ന പ്രത്യേകതയും ഈ ചന്തയിലുണ്ട്. പകർച്ച വ്യാധികളും മാറാ രോഗങ്ങളും പിടിപെടാൻ ആനുകൂലമായ അവസ്ഥയാണ് ഇപ്പോൾ ചന്തയിൽ ഉള്ളത്.

മാത്രവുമല്ല മാലിന്യങ്ങൾ കുന്നുകൂട്ടി ഇടുക വഴി ദുർഗന്ധവും പ്രാണി ശല്യവും ഏറെയാണ്.
പ്ലാസ്റ്റിക് ടാർപോളിൻ ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക സ്സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമാണ് വർഷങ്ങളായി ചെറുകിട കച്ചവടക്കാർ കച്ചവടം നടത്തുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ ഏതൊരു നടപടികളും ഉണ്ടായിട്ടില്ല.

എന്നാൽ ഇടയ്ക്കിടക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ചന്തയിൽ റെയ്ഡ് നടത്തുകയും മാധ്യമങ്ങളിൽ വാർത്തകൾ നൽകുകയും ചെയ്യാറുണ്ട്. പക്ഷെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ പഞ്ചായത്ത് അധികൃതർ യാതൊരുനടപടിക്കും മുൻകൈ എടുക്കുന്നില്ല എന്നതാണ് വസ്തുത.