തീ പൊള്ളലേറ്റ് മരണമടഞ്ഞ കെ.എസ്.ആർ.റ്റി.സി. ഡ്രൈവർ പ്രകാശിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

വർക്കല: തീ പൊള്ളലേറ്റ് മരണമടഞ്ഞ കെ.എസ്.ആർ.റ്റി.സി. ഡ്രൈവർ പ്രകാശിന്റെ കുടുംബത്തിന് ധനസഹായമായി ലഭിച്ച5 ലക്ഷം രൂപ അഡ്വ: വി. ജോയി.എം.എൽ.എ കൈമാറി. കല്ലമ്പലം, പുതുശ്ശേരിമുക്ക് പുളിയറക്കോണം നെല്ലിക്കുന്നുവിള വീട്ടിൽ പി. പ്രകാശ് ഓടിച്ചിരുന്ന കെ.എസ്.ആർ.റ്റി.സി. ബസ്സ് ആയൂരിന് സമീപമുള്ള വയ്ക്കൽ എന്ന സ്ഥലത്തുവച്ച് ലോറിയുമായി കൂട്ടിയിടിച്ച് തീപിടക്കുകയുണ്ടായി.  എന്നാൽ ബസ്സിലെ മുഴുവൻ യാത്രക്കാരേയും രക്ഷപ്പെടുത്തുന്നതിനായി പ്രകാശ് ബസ്സിനുള്ളിൽ തുടരുകയും എല്ലാ യാത്രക്കാരും രക്ഷപ്പെട്ടശേഷം ബസ്സിൽ നിന്ന് പുറത്ത് ഇറങ്ങുകയും ചെയ്യുകയാണ് ചെയ്തത്.  എന്നാൽ ഇതിനകം പ്രകാശിന്റെ ശരീരത്തിൽ പൊള്ളലേൽക്കുകയും തുടർന്ന് 18 ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേ 03.07.2019-ന് മരണപ്പെടുകയുണ്ടായി.

സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള കുടുംബം അന്തരിച്ച പ്രകാശിന്റെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിച്ചുവന്നിരുന്നത്.  അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം വളരെ കഷ്ടതയിൽ ആയിരുന്നു.
നിരവധി പേർക്ക് ജീവഹാനി സംഭവിക്കുവാൻ സാധ്യതയുണ്ടായിരുന്ന അപകടത്തിൽ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിന് ധീരമായ പ്രവർത്തനത്തിൽ ഏർപ്പെട്ട് ജീവത്യാഗം ചെയ്ത കെ.എസ്.ആർ.ടി.സി. ഡ്രൈവർ പി. പ്രകാശിന്റെ വിദ്യാർത്ഥികളായ രണ്ട് മക്കളും മാതാവും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പ്രത്യേക പരിഗണന നൽകി അടിയന്തിര ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അഡ്വ: വി. ജോയി എം.എൽ.എ. രേഖകൾ സഹിതം ആവശ്യപ്പെട്ടിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗം ഈ വിഷയം പരിഗണിക്കുകയും അടിയന്തിരമായി 5 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും തീരുമാനിച്ചിരുന്നു. എത്രയും പെട്ടെന്ന് ധനസഹായം നൽകാനും തീരുമാനിച്ചിരുന്നു.  ഇൻഷ്വറൻസ് ലഭിക്കാൻ സാധ്യതയുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കാറില്ല.  എന്നാൽ ഇതൊരു പ്രത്യേക കേസ്സായി എടുത്താണ് ധനസഹായം അനുവദിച്ചത്.  എത്രയും പെട്ടെന്ന് ഈ ധനസഹായം നൽകാനും തീരുമാനിച്ചതായും മുഖ്യമന്ത്രി പഞ്ഞിരുന്നു.  അതിന്റ അടിസ്ഥാനത്തിൽ സർക്കാർ അനുവദിച്ച 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും മരണമടഞ്ഞ പ്രകാശിന്റെ ഭാര്യ സിന്ധുവിന്റെ പേരിൽ കല്ലമ്പലം ഫെഡറൽ ബാങ്കിലുളള അക്കൗണ്ടിൽ നൽകിയതിന്റെ രേഖകൾ അഡ്വ: വി. ജോയി. എം.എൽ.എ. പ്രകാശിന്റെ വീട്ടിലെത്തി ഭാര്യ സിന്ധുവിന് കൈമാറി.  തഹസീൽദാർ വിനോദ് രാജ്, ഡെപ്യൂട്ടി തഹസീൽദാർ  സജി പി.എയ്ഞ്ചൽ കുടവൂർ വാർഡ് മെമ്പർ ഇ. ജലാൽ, വില്ലേജ് ഓഫീസർ സജു സീനിയൽ ക്ലർക്ക് രാജേഷ്, അനൂപ്, രാജൻ, അശോകൻ എന്നിവർ പങ്കെടുത്തു.