പോത്തൻകോട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പോത്തൻകോട്: പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വാവറമ്പലം ജംഗ്ഷനിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ അണ്ടൂർക്കോണം, ഇടത്തറ, പണിമൂല ജംഗ്ഷന് സമീപം ഗോകുലം വീട്ടിൽ ഗോപാലകൃഷ്ണൻ ചെട്ടിയാർ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി 8:15നാണ് അപകടം നടന്നത്.

മംഗലപുരം ഭാഗത്ത് നിന്നും വന്ന ഓട്ടോയും പോത്തൻകോട് നിന്ന് വന്ന ബൈക്കുമാണ് വാവറമ്പലം ജംഗ്ഷനിൽ വെച്ച് കൂട്ടിയിടിച്ചത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ ബൈക്കും ഓട്ടോയും പൂർണമായും തകർന്നു. ബൈക്കിൽ വന്ന രണ്ട് പേർക്കും പരിക്കേറ്റു. അതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗോപാലകൃഷ്ണൻ ചെട്ടിയാരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.