ഞാവേലികോണത്ത് ടാർ മിക്സിങ് പ്ലാന്റിനെതിരെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ പ്രതിഷേധം

പഴയകുന്നുമ്മൽ : കിളിമാനൂർ ഞാവേലികോണത്ത് ടാർ മിക്സിങ് പ്ലാന്റിനെതിരെയും പാറ ഖനനത്തിനെതിരെയും ജനകീയ പ്രക്ഷോഭവുമായി ഞാവേലികോണം റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ രംഗത്ത്. പ്രതിഷേധങ്ങളുടെ ഒന്നാം ഘട്ടമായി ടാർ പ്ലാന്റിലേക്ക് ജാഥ സംഘടിപ്പിച്ചു. പഞ്ചായത്ത്, റവന്യൂ, ജിയോളജി വകുപ്പുകളെ നോക്കുകുത്തിയാക്കിയാണ് രാപകൽ വ്യത്യാസമില്ലാതെ പ്രദേശത്ത് മാഫിയ ഭീതി സൃഷ്ടിച്ചിരിക്കുന്നതെന്ന് സമരസമിതി പ്രതികരിച്ചു. നൂറു കണക്കിന് ടിപ്പർ ലോറികളാണ് നിത്യേന തലങ്ങും വിലങ്ങും പായുന്നതത്രേ. രൂക്ഷമായ പൊടിപടലം മൂലം പ്രദേശവാസികൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഇതിനെതിരെ അടിയന്തര നടപടി ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. ജാഥ സമരം പഴയ കുന്നുമ്മൽ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ യു.എസ്. സുജിത്ത് ഉദ്ഘാടനം ചെയ്തു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോപ്പിൽ സൈഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് നളിനൻ, ഫത്തഹുദ്ദീൻ, സുനിൽ, ജീനു, റിയാസ്, ഗിരി, ഷൈമജ തുടങ്ങിയവർ സംസാരിച്ചു.