പുളിമാത്ത് ആയുർവേദ ആശുപത്രിയിൽ പുതിയ ചികിത്സാ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു

പുളിമാത്ത് : പുളിമാത്ത് ആയുർവേദ ആശുപത്രിയിൽ പുതിയ ചികിത്സാ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. നേത്രചികിത്സാ വിഭാഗവും, അസ്ഥിരോഗ ചികിത്സാ വിഭാഗവുമാണ് പുതുതായി ആരംഭിച്ചത്. പുതിയ ചികിത്സാ വിഭാഗങ്ങളുടെ ഉദ്ഘാടനവും നേത്ര ചികിത്സാ ക്യാമ്പും ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ ഉദ്ഘാടനം നിർവഹിച്ചു.പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ബി വിഷ്ണു അധ്യക്ഷത വഹിച്ചു.

 

 

കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ചികിത്സാ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിച്ചു വരുന്നത്. അത്യാധുനിക മന്ദിരത്തിന് പുറമെ പേ വാർഡുകൾ, പ്രസൂതി, വൃദ്ധജനാരോഗ്യ പരിപാലനം, യോഗ, നവജീവനം, സാന്ത്വന ചികിത്സ, സിദ്ധ ചികിത്സ, സ്ത്രികൾക്കായി പ്രത്യേക ചികിത്സാ പദ്ധതി, ജീവിത ശൈലീരോഗങ്ങൾക്കായി പ്രത്യേക ക്ലിനിക്ക് എന്നിവയ്‌ക്കൊപ്പമാണ് ഇപ്പോൾ പുതിയ രണ്ട് വിഭാഗങ്ങൾ കൂടി പ്രവർത്തനം ആരംഭിച്ചത്.

ബി.എൻ ജയകുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡി.എം.ഒ. ഡോ റോബർട്ട് രാജ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഐഷാ റഷീദ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ബിനു, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ വത്സലകുമാർ, എസ്.യഹിയ, മെഡിക്കൽ ഓഫീസർ ഡോ.ഉഷ, പഞ്ചായത്ത്‌ അംഗങ്ങളായ വി.സോമൻ, വസന്തകുമാരി, ശാന്തകുമാരി, ശ്രീകലാ അന്തർജനം, എം.എ. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.