റെയിൽവേ ഗേറ്റ് തിട്ടയിൽമുക്കിലേക്ക് മാറ്റണം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്

ചിറയിൻകീഴ്: ചിറയിൻകീഴ് മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി റെയിൽവേ ഗേറ്റ് തിട്ടയിൽമുക്കിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയിൽവേ ഗേറ്റ് മാറ്റി മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് അര നൂറ്റാണ്ടോളം പഴക്കമുണ്ട്. 2011 — 2016 കാലയിളവിലുള്ള എൽ.ഡി.എഫ് സർക്കാർ അന്നത്തെ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ്റെ പരിശ്രമത്തിലൂടെ അഞ്ച് കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ ഉൾക്കൊള്ളിക്കുകയും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ് തിരുന്നു. തുടർന്ന് വി ശശി എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി സ്ഥലമെടുപ്പ് ജോലികൾ പൂർത്തിയായിട്ടുണ്ട്. മേൽപ്പാല നിർമ്മാണത്തിനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ടെൻഡർ ക്ഷണിക്കുകയും 2019 ഡിസംബർ 15 മുതൽ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനും തീരുമാനിച്ചിരുന്നു. എന്നാൽ റെയിൽവേയുടെ ചില സാങ്കേതിക മാനദണ്ഡങ്ങൾ കൂടി പാലിച്ച് റീടെൻഡർ ചെയ്യുകയും റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നത് വരെ മാറ്റിവച്ചിരിക്കുകയാണ്.
ദിനംപ്രതി പതിനായിരക്കണക്കിന് യാത്രക്കാരും ജനങ്ങളും ആയിരക്കണക്കിന് വാഹനങ്ങളും കടന്നുപോകുന്ന റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഗുരുതരമായിരിക്കും. ചിറയിൻകീഴ് ബസ് സ്റ്റാൻ്റ്, താലൂക്കാശുപത്രി, വിവിധ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിൽ എത്തേണ്ടവർ ശാർക്കര ക്ഷേത്രം ചുറ്റി വലിയകട വഴി മാത്രമേ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ. പണ്ടകശാല – ശാർക്കര റോഡിൻ്റെ വീതി ശരാശരി 4 – 5 മീറ്ററാണ്. രണ്ട് ബസുകൾക്ക് ക്രോസ് ചെയ്യുവാൻ കഴിയാത്ത പ്രസ്തുത റോഡിലൂടെ വാഹനങ്ങൾ തിരിച്ചുവിടുമ്പോൾ ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് പണ്ടകശാല നിന്നും ആൽത്തറമൂട് – തിട്ടയിൽമുക്ക് വഴി ഒറ്റപ്ലാംമുക്ക് – വലിയകടയിൽ എത്തിച്ചേരുന്ന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന താൽക്കാലിക റെയിൽവേ ഗേറ്റ് സ്ഥാപിക്കേണ്ടതാണ്.
ചിറയിൻകീഴ് റെയിൽവേ ഗേറ്റിൽ നിന്നും 150 മീറ്റർ വടക്ക് ഭാഗത്ത് തിട്ടയിൽമുക്കിലേക്ക് താൽക്കാലികമായി റെയിൽവേ ഗേറ്റ് സ്ഥാപിച്ച് മേൽപ്പാലം നിർമ്മാണത്തോടെ സൃഷ്ടിക്കുന്ന ഗതാഗത ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് റെയിൽവേ അധികാരികളോടും, റോഡ്സ് ആൻഡ് ബ്രിഡ് ജസ് കോർപ്പറേഷനോടും, ജില്ലാ കളക്ടറോടും ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായി ബ്ലോക്ക് പ്രസിഡൻ്റ് ആർ സുഭാഷ് അറിയിച്ചു.