മുൻപ് സാരി, ഇപ്പോൾ സഞ്ചി

ചിറയിൻകീഴ്: സി.പി.ഐ എം വലിയകട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിലുള്ള അഞ്ഞൂറോളം വീടുകളിൽ സൗജന്യമായി തുണിസഞ്ചി വിതരണം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ നിരോധനം കാരണം ജനങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം സ്വന്തം വീടുകളിൽ തന്നെയാണെന്നും, അവരവർക്ക് വേണ്ടിവരുന്ന തുണിസഞ്ചികൾ ചെലവില്ലാതെ നിർമ്മിക്കാനും ഉപയോഗിക്കാനും സാധിക്കുമെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടിയാണ് സി.പി.ഐ എം തുണിസഞ്ചി വിതരണം ചെയ്തത്. വലിയകട ബ്രാഞ്ചിലെ ഏഴോളം വനിതകളാണ് സേവന പ്രവർത്തനമായി തുണിസഞ്ചികൾ നിർമ്മിച്ചത്. ബ്രാഞ്ച് പരിധിയിലുള്ള വീടുകളിൽ നിന്നും സാരികളും മറ്റും ശേഖരിച്ചാണ് തുണിസഞ്ചി നിർമ്മിച്ചത്. പരിസ്ഥിതി സൗഹൃദമായ പേപ്പർബാഗുകളും തുണിസഞ്ചികളും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ആവശ്യമുണ്ടെങ്കിൽ മിതമായ വിലയിൽ നിർമ്മിച്ചു നൽകാനും ഒരുക്കമാണെന്ന് ബ്രാഞ്ച് സെക്രട്ടറി കൃഷ്ണ ജിത്ത് പറഞ്ഞു.
വലിയചിറയിൽ നടന്ന തുണിസഞ്ചി വിതരണോദ്ഘാടനം സി.പി.ഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് നിർവ്വഹിച്ചു. മുതിർന്ന പാർട്ടി അംഗം പി പ്രഭാകരൻ അദ്ധ്യക്ഷനായി. സി.പി.ഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി മുരളി, പി മണികണ്ഠൻ, ശാർക്കര ലോക്കൽ സെക്രട്ടറി ജി വ്യാസൻ, കഥാകൃത്ത് ഡി സുചിത്രൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ആർ കൃഷ്ണജിത്ത് സ്വാഗതവും പ്രകാശൻ നന്ദിയും പറഞ്ഞു.