സ്കൂളിൽ വെച്ച് പാമ്പുകടിയേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ

പുല്ലമ്പാറ : സ്‌കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ . തേമ്പാമ്മൂട് ജനത ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി റൂബിനാണ് (12) അത്യാസന്ന നിലയിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ഡ്രിൽ പീരിയഡ് ആയതിനാൽ റുബിന്റെ ക്ലാസിലെ കുട്ടികളെ അദ്ധ്യാപകൻ ഗ്രൗണ്ടിൽ കൊണ്ടുവന്നു. കളിക്കുന്നതിനിടെ ഗ്രൗണ്ടിലെ കുറ്റിക്കാടിന് സമീപം തെറിച്ചുവീണ കുട്ടിയെ പാമ്പ്‌ കടിക്കുകയായിരുന്നു. അദ്ധ്യാപകർ ഉടൻ തന്നെ റൂബിനെ സമീപത്തെ ആനക്കുഴി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സനൽകിയ ശേഷം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തേമ്പാമ്മൂട് മുക്കല എം.എസ്‌ ഹൗസിൽ സക്കീർ ഹുസൈൻ – സജീന ദമ്പതികളുടെ മകനാണ് റൂബിൻ.