സംഗീതയുടെ തുടർ ചികിത്സയ്ക്ക് സഹായവുമായി ‘ടീം വർക്കല’ എത്തി

ഇലകമൺ : മന്ത് രോഗ ബാധ്യതയായി വർഷങ്ങളായി ചികിത്സയിലായി കഴിയുന്ന ഇലകമൺ വട്ടവിളവീട്ടിൽ സംഗീതയുടെ തുടർ ചികിത്സയ്ക്ക് പ്രവാസി കൂട്ടായ്മയായ ടീം വർക്കലയുടെ കൈത്താങ്ങ്. സാംസ്കാരിക പ്രവർത്തകരും പ്രവാസികളുമായ യുവാക്കളുടെ കൂട്ടായ്മയായ വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് ചികിത്സാ സഹായം സ്വരൂപിച്ചത്. ടീം വർക്കല വാട്സ് ആപ്പ് ഗ്രൂപ്പ് സമാഹരിച്ച 83,000 രൂപയുടെ ചെക്ക് ടീം വർക്കലയുടെ പ്രവർത്തകർ സംഗീതയുടെ വീട്ടിലെത്തി കൈമാറി. ഇലകമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി.എസ്. ജോസ് ചെക്ക് സംഗീതയ്ക്ക് നൽകി. ടീം വർക്കലയുടെ പ്രവർത്തകരായ ഷെറിൻ, സൈഫ്, നബീൽ, ആരിഷ്, അൻസാർ, മംഗല്യ,സാമൂഹ്യ പ്രവർത്തകരായ അഡ്വ. നിയാസ്, എ. സലാം, വിനീത് എന്നിവർ പങ്കെടുത്തു.

കൂലിപ്പണിക്കാരനായ ഭർത്താവ് സജീവും  ഒന്നര മാസം പ്രായമുള്ള സനന്ദനയും അടങ്ങുന്നതാണ് സംഗീതയുടെ കുടുംബം. ഹൃദ് രോഗിയായ അച്ഛൻ ധനുസും കശുവണ്ടി തൊഴിലാളിയായ മാതാവ് ബേബിയും, സഹോദരങ്ങളായ ധന്യയും ധനേഷുമാണ് സംഗീതയ്ക്ക് ബന്ധുക്കളായുള്ളത്. പത്താം വയസിൽ വീടിനു സമീപത്തെ പ്ലാവിന്റെ ഒരു ശിഖരത്തിൽ കയറവെ മരത്തിന്റെ ചില്ല് ഓടിഞ്ഞു നിലത്തേക്ക് വീണ് കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പാരിപ്പള്ളി ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റർ ഇട്ടു. ഇതിനിടെ സംഗീതയുടെ കാൽപ്പാദം നീരുവന്ന് അസഹ്യമായ വേദന ഉണ്ടായതിനെ തുടർന്ന് രക്ത പരിശോധന നടത്തിയപ്പോഴാണ് മന്തു രോഗം സ്ഥിതീകരിച്ചത്. 2016 മാർച്ചിൽ തന്റെ ഇടതുഭാഗത്തെ തുടയിൽ നിന്നു മാംസം വെട്ടിയെടുത്ത് വലതു ഭാഗത്തെ വ്രണം ബാധിച്ച ഭാഗത്ത് വച്ചുപിടിപ്പിച്ചെങ്കിലും രോഗമുക്തി നേടാനായില്ല. നിത്യവൃത്തിക്കുപോലും വകയില്ലാത്ത ഇവർക്ക് ഓപ്പറേഷൻ നടത്താൻ കഴിയുമായിരുന്നില്ല. ഹൃദ്‌രോഗിയായ പിതാവിന്റെ ചികിത്സയ്ക്കും മന്തുരോഗം ബാധിച്ച മാതാവിനും ഹൃദയ സംബന്ധമായ അസുഖമുള്ള ധന്യയ്ക്കും തുടർ ചികിത്സക്കായി ഒരു സാമ്പത്തിക സഹായം പോലും ആരിൽ നിന്നും ലഭിച്ചില്ല. അയൽവാസിയായ വീട്ടമ്മയാണ് സംഗീതയുടെ രോഗവും ദുരിതവും നവമാദ്ധ്യമങ്ങളിലൂടെ ആദ്യം പുറം ലോകത്തെ അറിയിച്ചത്. തുടർന്ന് വിവിധ ജീവകാരുണ്യ സംഘടനകൾ സഹായവുമായെത്തുകയും ചെയ്തു. സംഗീതയുടെ പിതാവ് ധനുസ് ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. മാതാവ് ബേബിയുടെ മാതാവായ തങ്കമ്മയുടെ പേരിലുളള രണ്ടര സെന്റ് വസ്തുവിലാണ് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലുള്ള രണ്ട് കുടുസുമുറികളിൽ ഇവർ അന്തിയുറങ്ങുന്നത്.