സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റില്ലെന്ന് അധികൃതർ : കമ്പോ കല്ലോ കൊണ്ടതാകാമെന്ന്…

പുല്ലമ്പാറ : സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിനെ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റന്ന വാർത്ത തെറ്റാണന്ന് സ്കൂൾ അധികൃതർ. തേമ്പാമൂട് ജനതാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി റൂബിനാണ് പാമ്പുകടിയേറ്റതായി വാർത്തകൾ വന്നത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ ഗ്രൗണ്ടിന് സമീപത്തെ കുറ്റിക്കാട്ടിൽ വീഴുകയും പാമ്പ് കടിയേറ്റ പോലെ കൈയിൽ പാട് കാണപ്പെടുകയും ചെയ്തു. ഉടൻ തന്നെ അദ്ധ്യാപകർ സമീപത്തെ ആനക്കുഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ശുശ്രൂഷ നൽകി. തുടർന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലായിരുന്ന കുട്ടിക്ക് പാമ്പ് കടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നെങ്കിലും വിഷത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പാമ്പു കടിയേറ്റതാണന്ന് കുട്ടിയും ബന്ധുക്കളും പറഞ്ഞതിനെ തുടർന്ന് ആശുപത്രി അധികൃതർ 24 മണിക്കൂർ നിരീക്ഷണത്തിൽ വയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രക്ത പരിശോധനയിൽ വിഷബാധ ഏറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാമ്പു കടിയേറ്റെന്നുള്ള പ്രചാരണം തെറ്റാണന്നും കമ്പോ കല്ലോ കൊണ്ട് മുറിവേറ്റതാകാമെന്ന് സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷംനാദ് പറഞ്ഞു. അതേസമയം എ.ഇ.ഒയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ അധികൃതർ സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തിയതായും സ്കൂളിന്റെ ഭാഗത്ത് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടില്ലെന്നും ഡി.ഇ.ഒ അറിയിച്ചു