തിരുവാതിര ബസ്സിൽ ഇനി എസ്പിസി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര

ആറ്റിങ്ങൽ : സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സിന് ഇനി തിരുവാതിര എന്ന സ്വകാര്യ ബസ്സിൽ സൗജന്യ യാത്ര.

രണ്ട് ദിവസം മുൻപ് അവനവഞ്ചേരി സ്കൂളിലെ എസ്പിസി കുട്ടികൾ ഫുൾ ടിക്കറ്റ് എടുക്കാത്തതിനെ തുടർന്ന് വിദ്യാർഥികളെ വഴിയിൽ ഇറക്കിവിട്ടു എന്ന പരാതി ഉയർന്നതിനെ തുടർന്നാണ് തിരുവാതിര എസ്പിസി കുട്ടികൾക്ക് സൗജന്യ യാത്ര നൽകുന്നതായി അറിയിച്ചത്. തിരുവാതിര ബസ്സിന്റെ എല്ലാ റൂട്ടിലും എല്ലാ ദിവസവും ഏത് സമയത്തും എസ്പിസി കുട്ടികൾക്ക് സൗജന്യ യാത്ര ലഭിക്കും. ഐഡി കാർഡും യൂണിഫോമും ഉണ്ടാകണമെന്ന് മാത്രം.

പോലീസ് വകുപ്പും വിദ്യാഭ്യാസ
വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിൽ ശനിയാഴ്ചയ്കളിലും പൊതു അവധി ദിവസങ്ങളിലും ഉൾപ്പെടെയാണ് കുട്ടികൾക്ക് സ്കൂളിൽ പരിശീലനം സംഘടിപ്പിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം. ഇത്തരം സാഹചര്യങ്ങളിൽ അവധി ദിവസങ്ങളിൽ യൂണിഫോം ധരിച്ചു യാത്ര ചെയ്യുന്ന കേഡറ്റുകൾക്ക് സ്വകാര്യ ബസിലും കെ.എസ്.ആർ.ടി.സി. ബസിലും ഉൾപ്പെടെ സൗജന്യ നിരക്കിൽ യാത്ര അനുവദിക്കണം എന്ന ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് നിലനിൽക്കുന്നുണ്ട്.  എസ്ടി എടുത്താണ് എസ്പിസി കുട്ടികൾ യാത്ര ചെയ്യുന്നത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഫുൾ ടിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ഇറക്കി വിട്ടത്. എസ്പിസി കുട്ടികൾക്ക് എപ്പോഴും പരിഗണന നൽകണമെന്ന് ബസ് ജീവനക്കാർക്ക് ഉടമകൾ കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ മാറി വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നതെന്നും അതിനാൽ ഇനി എസ്പിസി കുട്ടികൾക്ക് സൗജന്യ യാത്ര നൽകാൻ തീരുമാനിച്ചതായും തിരുവാതിര ബസ്സിന്റെ ഉടമകൾ അറിയിച്ചു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി അധ്യയനവർഷത്തിന്റെ ആരംഭ ദിവസം സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കാരുണ്യ യാത്രയുംനടത്തി വരുന്ന ആറ്റിങ്ങലിലെ പ്രമുഖ ബസ് ആണ് തിരുവാതിര.