തോന്നയ്ക്കലിൽ സ്കൂട്ടറും ടെമ്പോ വാനും കൂട്ടിയിടിച്ച് 2 പേർ മരിച്ചു

മംഗലപുരം : മംഗലപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ തോന്നയ്ക്കൽ പതിനാറാം മൈലിന് സമീപം സ്കൂട്ടറും ടെമ്പോ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. കിഴുവിലം, കുറക്കട, സുജിത് ഭവനിൽ ഗോപാലൻ – സരള ദമ്പതികളുടെ മകൻ സുജിത്(37), ഇടവിളാകം, നെല്ലിമൂട്ടിൽ സൂര്യ ഭവനിൽ സോമസുന്ദരൻ – ശാന്തകുമാരി ദമ്പതികളുടെ മകൻ ജഗദീഷ് കുമാർ (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. തോന്നയ്ക്കൽ പതിനാറാം മൈലിൽ മുബാറക് ഹോട്ടലിനു സമീപമാണ് അപകടം നടന്നത്. ആറ്റിങ്ങലിൽ നിന്ന് മംഗലപുരം ഭാഗത്തേക്ക്‌ പോയ ടെമ്പോ വാനും എതിരെ ആറ്റിങ്ങൽ ഭാഗത്തേക്ക്‌ വന്ന ആക്ടീവ സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. ജഗദീഷ് കുമാറാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സുജിത് സ്കൂട്ടറിന്റെ പിൻ സീറ്റിൽ ഇരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 10 അരയോടെ മരണപ്പെട്ടു. മംഗലപുരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.