വർക്കലയിൽ വീട് കയറി ആക്രമണം :  ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

വർക്കല: വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് അയൽവാസികൾ അറസ്റ്റിൽ. വർക്കല കുരയ്ക്കണ്ണി തെങ്ങഴികത്തുവീട്ടിൽ രാജേഷ് (27), കിച്ചു (33), പ്രദീപ് (38) എന്നിവരാണ് അറസ്റ്റിലായത്. ടാക്‌സി ഡ്രൈവറായ കുരയ്ക്കണ്ണി തെങ്ങഴികത്തുവീട്ടിൽ രജിത്തി(35)നുനേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്.

വീടിന്റെ മുൻവാതിൽ തല്ലിത്തകർത്ത് അകത്തുകയറി രജിത്തിനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. രജിത്തിന്റെ തലയിലും നെഞ്ചത്തും മുതുകത്തും കമ്പിപ്പാരയും കഠാരയും ഉപയോഗിച്ച് കുത്തുകയും മുളവടികൊണ്ട് ഇടതുകൈ അടിച്ചൊടിക്കുകയും ചെയ്തു. പരിക്കേറ്റ രജിത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം കൊട്ടാരക്കര പുത്തൂരിൽ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അവിടെനിന്നാണ് പിടികൂടിയത്. വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം.ജി.ശ്യാം, ഗ്രേഡ് എ.എസ്.ഐ. മാരായ അനിൽകുമാർ, രാധാകൃഷ്ണൻ, സി.പി.ഒ. ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.