വർക്കല നഗരസഭയിൽ ലൈഫ്, പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.

വർക്കല: വർക്കല നഗരസഭയിൽ സമ്പൂർണ്ണ ഭവന പദ്ധതിയായ ലൈഫ് പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ വീടുകളുടെ താക്കോൽ വിതരണവും ലൈഫ്, പി.എം.എ.വൈ പദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ വർക്കല എൽ.പി.ജി സ്കൂളിൽ വച്ചാണ് അദാലത്ത് നടന്നത്.കുടുംബസംഗമവും അദാലത്തും താക്കോൽ വിതരണവും അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.

വർക്കല നഗരസഭയിൽ നിന്നും ലൈഫ്, പി.എം.എ.വൈ പദ്ധതികൾ പ്രകാരം ആനുകൂല്യങ്ങൾ കൈപ്പറ്റിയവർക്ക് റേഷൻകാർഡ്, ആധാർ, ഇലക്ഷൻ ഐഡി, ബാങ്ക്അക്കൗണ്ട്, സ്വയം തൊഴിൽ സഹായങ്ങൾ, പെൻഷൻ മുതലായ സേവനങ്ങൾ ഉറപ്പാക്കുന്നതിനു വേണ്ടി വിവിധ വകുപ്പുകളെ ഉൾകൊളളിച്ചുകൊണ്ട് നഗരസഭയുടെ നേതൃത്വത്തിൽ പതിനെട്ടോളം കൗണ്ടറുകൾ ഉൾപെടുത്തിയാണ് അദാലത്ത് നടന്നത്.

നഗരസഭ വൈസ് ചെയർമാൻ എസ്.അനിജോ, ലൈഫ് ജില്ലാമിഷൻ കോ-ഓർഡിനേറ്റർ സജീന്ദ്രബാബു, മുനിസിപ്പൽ എൻജിനിയർ ബി.രേഖ, നഗരസഭാ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാന്മാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.