Search
Close this search box.

വർക്കല പൊലീസിന് കേക്ക് നൽകി വിദേശ വനിത: കുട്ടിക്കുറ്റവാളികൾ തട്ടിയെടുത്ത ബാഗ് തിരിച്ചു നൽകി

ei02CNQ29983

വര്‍ക്കല: കാല്‍നടയാത്രക്കാരിയായ വിദേശവനിതയെ ആക്രമിച്ച് ബാഗ് കവര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ വര്‍ക്കല പോലീസ് പിടികൂടി. 17-ഉം 16-ഉം വയസുള്ള വിദ്യാര്‍ഥികളാണ് പിടിയിലായത്. മോഷ്ടിച്ച സ്‌കൂട്ടറിലെത്തിയാണ് ഇരുവരും കവര്‍ച്ച നടത്തിയത്. ശനിയാഴ്ച വൈകുന്നേരം 3.30-ന് വര്‍ക്കല ജനാര്‍ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥക്കുളത്തിന് സമീപമായിരുന്നു സംഭവം. ഇംഗ്ലണ്ട് സ്വദേശിനി ഡോ. സോഫിയ ഡാനോസി( 34) ന്റെ ബാഗാണ് ഇവര്‍ തട്ടിയെടുത്തത്. പാപനാശത്ത് കടലില്‍ കുളിച്ചശേഷം കൂട്ടുകാരി റെനറ്റ ഹോര്‍വാറ്റിനൊപ്പം നടന്നുപോകുമ്പോഴാണ് സോഫിയ ഡാനോസിന്റെ ബാഗ് തട്ടിയെടുത്തത്.

പിടിവലിക്കിടെ സോഫിയയുടെ തോളിന്റെ ഭാഗത്ത് പരിക്കേല്‍ക്കുകയും ചെയ്തു. മൊബൈല്‍ഫോണ്‍, പണം, ക്രെഡിറ്റ് കാര്‍ഡുകള്‍, മറ്റ് രേഖകള്‍ എന്നിവയടങ്ങിയ ബാഗാണ് നഷ്ടമായത്. ജനാര്‍ദനപുരം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. നമ്പര്‍ മനസിലാക്കി നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടര്‍ അന്ന് പാളയംകുന്ന് അക്ഷയ സെന്ററിന് മുന്നില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. അക്ഷയ സെന്ററിന് സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ഥികളാണ് മോഷണം നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. മോഷണം നടത്തിയശേഷം ഇരുവരും സ്‌കൂട്ടറില്‍ വയനാട്ടിലേക്കാണ് കടന്നത്.
പോകുന്നവഴിയില്‍ മറ്റ് ഫോണുകളില്‍ നിന്നും ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. വയനാട്ടില്‍ നിന്നും നാട്ടിലേക്ക് തിരിച്ചതായി വീട്ടുകാരില്‍ നിന്നും പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നീണ്ടകര പാലത്തില്‍ കാത്തുനിന്ന പോലീസ് തിങ്കളാഴ്ച രാവിലെ ഇരുവരെയും പിടികൂടുകയായിരുന്നു. മൊബൈല്‍ ഫോണും രേഖകളുമടക്കം ബാഗ് ഇവരില്‍ നിന്നും കണ്ടെത്തി.
വർക്കല പോലീസിന്റെ കഠിന ശ്രമത്തിനും നഷ്ടമായെന്നു കരുതിയ രേഖകളും മറ്റും തിരിച്ചു ലഭിച്ചതിലുമുള്ള സന്തോഷസൂചകമായി സോഫിയ പൊലീസിന് കേക്ക് സമ്മാനമായി നൽകി.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.വി.ബേബിയുടെ നിര്‍ദേശാനുസരണം വര്‍ക്കല ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ശ്യാം, പ്രൊബേഷണറി എസ്.ഐ. പ്രവീണ്‍, എ.എസ്.ഐ. മാരായ ജയപ്രസാദ്, ഷൈന്‍, സി.പി.ഒ. മാരായ അജീസ്, കിരണ്‍, അന്‍സര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇരുവരെയും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!