വെള്ളനാട് -മിത്രാനികേതൻ റോഡിലൂടെയുള്ള യാത്ര ദുരിതം

വെള്ളനാട്: വെള്ളനാട് കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ സമീപത്തുകൂടി മിത്രാനികേതനിലേക്ക് പോകുന്ന റോഡ് തകർന്നു. യഥാസമയം റോഡ് ടാർ ചെയ്യാതെ ചല്ലിയിളകി തകർന്ന റോഡിലൂടെയുള്ള കാൽനട പോലും ദുഷ്കരമാണ്. റോഡിന്റെ തുടക്കത്തിലെ 150 മീറ്റർ സ്ഥലം മുൻപ് ബ്ലോക്ക് പഞ്ചായത്ത് ടാർ ചെയ്തിരുന്നു. മിത്രാനികേതനിൽ എത്തുന്ന 200 മീറ്റർ പഞ്ചായത്ത് കോൺക്രീറ്റും ചെയ്തു. മധ്യഭാഗത്തെ 300 മീറ്ററിൽ വർഷങ്ങൾക്ക് മുൻപ് മെറ്റൽ പാകിയെങ്കിലും ഇതുവരെ ടാർ ചെയ്തിട്ടില്ല.

വിദേശികൾ ഉൾപ്പെടെ നിരവധിപേർ മിത്രാനികേതനിലേക്കു പോകുന്ന റോഡാണ് ശോചനീയാവസ്ഥയിലുള്ളത്. ഇതുവഴി വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇളകിക്കിടക്കുന്ന മെറ്റലുകൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നത് പതിവാണ്. അടിയന്തരമായി ജനപ്രതിനിധികൾ ഇടപെട്ട് റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.