മാലിന്യകേന്ദ്രമായി മാമം, പൊറുതിമുട്ടി ജനം

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം പഴയ ദേശീയ പാതയ്ക്കരുകിൽ മാലിന്യം തള്ളുന്നതു പതിവാകുന്നു. ആറ്റിങ്ങൽ നഗരസഭ പ്രദേശമായ ഇവിടെ അനധികൃതമായി ഉപേക്ഷിച്ചിരിക്കുന്ന ബസിനു സമീപമാണ് മാലിന്യം കുന്നുകൂടുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ഇറച്ചി വേസ്റ്റ് ഉൾപ്പടെ ഇവിടെ കൊണ്ട് തള്ളുന്നു. മാലിന്യം കുന്ന് കൂടി ദുർഗന്ധം രൂക്ഷമാകുന്നതോടൊപ്പം ഇവിടെ തെരുവ് നായ ശല്യവും കൂടുതലാണ്. മാലിന്യം ഭക്ഷിക്കാൻ എത്തുന്ന നായ്ക്കൾ റോഡിൽ അലഞ്ഞു തിരിയുന്നത് വാഹന യാത്രക്കാർക്കും ഭീതി സൃഷ്ടിക്കുന്നു. ഇതുവഴി മൂക്ക് പൊത്താതെ പോകാൻ കഴിയാത്ത അവസ്ഥയാണ്. ദിനം പ്രതി ഇവിടെ മാലിന്യം തള്ളുന്നത് കാരണം ഇതൊരു മാലിന്യ സംഭരണ കേന്ദ്രമായി മാറുകയാണ്.


കാൽ നടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഇതുവഴി കടന്നു പോകാൻ ഭയമാണ്. തെരുവ് നായ്ക്കളുടെയും കൊതുക്, ഈച്ച എന്നിവയുടെ ശല്യവും ഉണ്ട്. രാത്രി കാലങ്ങളിലാവാം ഇവിടെ മാലിന്യം കൊണ്ടെറിയുന്നത്. തെരുവ് വിളക്കുകൾ ഇല്ലാത്തതും ഇത്തരം പ്രവർത്തികൾ ചെയ്യുന്ന സാമൂഹിക വിരുദ്ധർക്ക് ഉപകാരപ്പെടുന്നുണ്ട്. അടിയന്തിരമായി നഗരസഭ ഇടപെട്ടു കൊണ്ട് പ്രദേശത്തെ തെരുവ് വിളക്കുകൾ കത്തിക്കുന്നതോടൊപ്പം ക്യാമറയും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മാത്രമല്ല മാലിന്യ നിക്ഷേപം നിരോധിച്ചു കൊണ്ടുള്ള സൂചന ബോർഡുകളും സ്ഥാപിക്കേണ്ടതുണ്ട്