മണിക്കൂറുകളോളം വാട്‌സ്‌ആപ്പിന്റെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടു

തിരുവനന്തപുരം : വാട്‌സ്‌ആപ്പിന്റെ സേവനങ്ങള്‍ 3 മണിക്കൂറോളം ഭാഗികമായി തടസ്സപ്പെട്ടു. വാട്‌സ്‌ആപ്പില്‍ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും വോയിസും അയക്കുന്നതിന് ആളുകള്‍ക്ക് തടസ്സം നേരിടുകയായിരുന്നു. സ്റ്റാറ്റസ് അപ്‌ഡേഷനും നിലച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതിന് പ്രശ്നമില്ല. വൈകുന്നേരം നാല് മണിയോടെയാണ് വാട്‌സ്ആപ്പില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഫയലുകളും വോയിസും അയക്കാൻ കഴിയാതെ വന്നതോടെ ഉപഭോക്താക്കൾ ആകെ ആശങ്കയിലായി. പലരും തങ്ങളുടെ ഫോണിന്റെ കുഴപ്പം ആണെന്ന് കരുതി ഫോൺ റീസ്റ്റാർട്ട്‌ ചെയ്യുകയും ഫോർമാറ്റ്‌ ചെയ്യുകയും വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും എല്ലാവർക്കും ഇതേ പ്രശ്നങ്ങൾ ഉണ്ടെന്ന് വാട്സാപ്പിലും ഫേസ്ബുക്കിലും ആളുകൾ പങ്കുവെച്ചതോടെ ഉപഭോക്താക്കളുടെ ആശങ്ക മാറി.

സെര്‍വറിലെ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമല്ല.യൂറോപ്പ്, മലേഷ്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കും തടസ്സം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.