57-ാമത് പാലോട് കന്നുകാലിച്ചന്തയ്ക്കും കാർഷിക കലാസാംസ്കാരിക മേളയ്ക്കും തിരിതെളിഞ്ഞു

പാലോട് : 57-ാമത് പാലോട് കന്നുകാലിച്ചന്തയ്ക്കും കാർഷിക കലാസാംസ്കാരിക മേളയ്ക്കും തിരിതെളിഞ്ഞു. 57 വിദ്യാർഥികൾക്ക് ദീപം കൈമാറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു ഉദ്ഘാടനം ചെയ്തു. മുൻകാല കർഷകരെ ആദരിച്ചു. തുടർന്ന് സെമിനാറും മെഡിക്കൽ ക്യാമ്പുകളും നടന്നു. വൈകിട്ട് ടൂറിസം വാരാഘോഷവും സാംസ്കാരിക സമ്മേളനവും മന്ത്രി കടകംപള്ളി സുരേന്ദ്രനും കലാമേള മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയും ഉദ്ഘാടനം ചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ വി കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി ചന്ദ്രൻ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ്‌ പി ചിത്രകുമാരി, പേരയം ശശി, എ ഇബ്രാഹിംകുഞ്ഞ്, എ എം അൻസാരി, കെ ജെ കുഞ്ഞുമോൻ, എം പി വേണുകുമാർ, ഇ ജോൺകുട്ടി, എം ഷിറാസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രരംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണനെ ആദരിച്ചു. രാത്രി 8ന് വരമൊഴിക്കൂട്ടത്തിന്റെ നാടൻപാട്ടുമുണ്ടായി. ഇരുനൂറോളം പ്രദർശന–- വിപണന സ്റ്റാളുകൾ മേളയിൽ ഒരുങ്ങി. ശനിയാഴ്ച വൈകിട്ട് യുവജന സംവാദം, രാത്രി 10ന് കല്ലറ പാങ്ങോട് സമരത്തിന്റെ ഡിജിറ്റൽ ആവിഷ്കാരം എന്നിവയുണ്ടാകും.